മൂന്നാര്‍:എംഎല്‍എ എസ് രാജേന്ദ്രന്റെ അധിക്ഷേപത്തിനിരയായ ദേവികുളം സബ് കലക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയെ സമീപിക്കും.മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണവും റവന്യൂ വകുപ്പിന്റെ നടപടി തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും.റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
മുതിരപ്പുഴയാര്‍ കയ്യേറി പഞ്ചായത്ത് നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചത് റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ സംഘം ഇവരെ തടയുകയായിരുന്നു. സബ്കളക്ടരെ ‘അവള്‍,ബോധമില്ലാത്തവള്‍’ തുടങ്ങി മര്യാദയില്ലാത്ത പദപ്രയോഗങ്ങള്‍ നടത്തിയാണ് എസ് രാജേന്ദ്രന്‍ അധിക്ഷേപിച്ചത്. എംഎല്‍യും സംഘവും തടഞ്ഞതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടപടി പൂര്‍ത്തിയാക്കാനാവാതെ മടങ്ങുകയായിരുന്നു.
സബ് കളക്ടറെ അധിക്ഷേപിച്ച എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ഏത് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തുടങ്ങിയാലും അവരെയെല്ലാം അധിക്ഷേപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി പിന്‍തിരിപ്പിക്കുന്നതാണ് എംഎല്‍എയുടെ സ്ഥിരം പരിപാടി.പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിലെ വനിതകള്‍ക്കെതിരെയും എംഎല്‍എ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.