കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പ്രധാന സാക്ഷി മൊഴി മാറ്റി. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. പ്രതി സുനില്‍കുമാര്‍ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. മൊഴി മാറ്റാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയാണ് മാറ്റിയത്. ദിലീപ് ജാമ്യത്തിലിറങ്ങുന്നതിന് മുന്‍പാണ് മൊഴി മാറ്റം. കീഴടങ്ങുന്നതിന് മുമ്പ് പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയിരുന്നെന്നായിരുന്നു ലക്ഷ്യയിലെ മാനേജറായ ഇയാളുടെ ആദ്യത്തെ മൊഴി.

പ്രധാന സാക്ഷി മൊഴി മാറ്റിയതിന്റെ സാഹചര്യം പൊലീസ് അന്വേഷിക്കുകയാണ്. ദിലീപുമായി അടുത്ത ബന്ധമുള്ള കൊച്ചിയിലെ അഭിഭാഷകനെ ചുറ്റിയാണ് അന്വേഷണം. ഈ അഭിഭാഷകനും പ്രധാന സാക്ഷിയും തമ്മില്‍ നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും പലപ്പോഴും ഇവരുടെ ഫോണ്‍ ഒരേ ടവറിന്റെ പരിധിയില്‍ വന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇവര്‍ ആലപ്പുഴയില്‍ കൂടിക്കാഴ്ച നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു.