കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജിത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തത്.നേരത്തേ ദിലീപ് ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
തെളിവ് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു.നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. എന്നാല്‍ കുറ്റപത്രത്തോടൊപ്പം നല്‍കിയ മുഴുവന്‍ രേഖകളും തനിക്ക് കൈമാറണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ 7 രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിക്കുന്നത്.ഹര്‍ജികള്‍ക്കു പിന്നാലെ ഹര്‍ജികള്‍ നല്‍കി ദിലീപ് വിചാരണ വൈകിപ്പിക്കുകയാണെന്ന് നേരത്തേ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.അതിനിടെ ദിലീപ് ഷൂട്ടിംഗിനായും മറ്റും വിദേശയാത്രകള്‍ നടത്തുകയും ചെയ്തു.