കൊച്ചി:താരസംഘടനകള്‍ തമ്മിലുള്ള കലാപം പുതിയ തലങ്ങളിലേക്ക്.’അമ്മ’യുടെ ഭാരവാഹികളെ അധിക്ഷേപിച്ച ഡബ്ല്യു.സി.സി അംഗങ്ങളായ രേവതി,പാര്‍വതി, പദ്മപ്രിയ എന്നിവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സെക്രട്ടറി സിദ്ധിഖ് പറഞ്ഞു.കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്.നടി കെപിഎസി ലളിതയും സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നു.
അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുക തന്നെ വേണം.രേവതി ഉന്നയിച്ചത് അത്തരമൊരു ആരോപണമാണ്.ആരെയെങ്കിലും തേജോവധം ചെയ്യാനാണ് രേവതിയുടെ ശ്രമമെങ്കില്‍ നടപടിയെടുക്കും.അമ്മയില്‍ നിന്ന് രാജിവച്ചവരെ ഒരു കാരണവശാലും തിരച്ചെടുക്കില്ല.നിരുപാധികം മാപ്പു പറഞ്ഞാല്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കും.മാധ്യമങ്ങളിലൂടെ ഭാരവാഹികള്‍ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ജൂണില്‍ ചേരുന്ന ജനറല്‍ ബോഡി തീരുമാനിക്കും.
ഡബ്ല്യു.സി.സി ഉന്നയിച്ച ആരോപണങ്ങള്‍ ബാലിശമാണ്.നാല് നടിമാര്‍ വന്ന് ആരോപണം ഉന്നയിച്ചാല്‍ മോഹന്‍ലാലോ, മമ്മൂട്ടിയോ ജനങ്ങളുടെ മനസില്‍ നിന്ന് പറിഞ്ഞു പോകില്ല.ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മ.എന്നാല്‍,അവരെ തിരിച്ചു കൊണ്ടുവരാനുള്ള ബാദ്ധ്യത തങ്ങള്‍ക്കില്ല.സംഘടനയില്‍ അംഗത്വം വേണ്ടെന്ന് തീരുമാനിച്ചത് നടിയാണ്.അവര്‍ക്ക് മാനസികമായ എല്ലാ പിന്തുണയും സംഘടന നല്‍കിയിട്ടുണ്ട്.ബാക്കി കാര്യങ്ങള്‍ കോടതിയാണ് തീരുമാനിക്കേണ്ടത്.
26 വര്‍ഷം മുന്‍പ് ഒരു പെണ്‍കുട്ടി ഓടികയറിവന്നു ഞാനവളെ രക്ഷിച്ചു എന്നൊക്കെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്ന കേട്ടു.അതേത് സിനിമയുടെ സെറ്റില്‍ വച്ചാണെന്നും ആരായിരുന്നു സംവിധായകന് ആരായിരുന്നു നിര്‍മ്മാതാവ് അതു പറയണം. ഞങ്ങള്‍ അന്വേഷിക്കാം നടപടിയെടുക്കാം.
മോഹന്‍ലാലിനെതിരെ എന്തിനാണ് ഇവര്‍ ഇങ്ങനെ ആക്രമിക്കുന്നത്.മുഖ്യമന്ത്രി വിളിച്ചിട്ടാണ് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിന് പോയത്. അത് തടയാന്‍ ഇവര്‍ വ്യാജഒപ്പിട്ട് മെമ്മോറാണ്ടം തയ്യാറാക്കി അയച്ചു.എന്നിട്ട് എങ്ങനെയാണ് മോഹന്‍ലാലിനെ ജനങ്ങള്‍ സ്വീകരിച്ചതെന്ന് നമ്മള് കണ്ടു.മമ്മൂട്ടിയ്ക്കെതിരെ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ എത്രയോ പേരുടെ ചീത്തയാണ് ആ നടി കേട്ടത്.മോഹന്‍ലാലിനേയോ മമ്മൂട്ടിയേയോ ദിലീപിനേയോ ജനങ്ങളുടെ മനസ്സില്‍ നിന്നും പറിച്ചു കളയാന്‍ മൂന്നോ നാലോ നടിമാര്‍ വിചാരിച്ചാല്‍ നടക്കില്ല.
ദിലീപ് കുറ്റാരോപിതന് മാത്രമാണ് കുറ്റക്കാരന്‍ ആണെന്ന് കോടതി പറഞ്ഞിട്ടില്ല.നടിമാരെന്ന് വിളിക്കുന്നതില്‍ എന്ത് തെറ്റ്. സംഘടനയില്‍ പറയേണ്ടത് അവിടെ പറയണം.മറ്റ് സ്ഥലങ്ങളില്‍ പോയി സംഘടനയെ അപഹാസ്യരാക്കരുത്.സംഘടനയില്‍ നിന്ന് തിരിച്ചെടുക്കണമെങ്കില്‍ നടിമാര്‍ വന്ന് മാപ്പ് പറയണം.ജൂണ്‍ അവസാനം മാത്രമേ അമ്മയുടെ ജനറല്‍ ബോഡി ഇനി ചേരുകയുള്ളൂ.അടിയന്തരമായി ജനറല്‍ ബോഡി ചേരണമെങ്കില്‍ മൂന്നില്‍ ഒന്ന് അംഗങ്ങളും ആ കാര്യം ആവശ്യപ്പെടണമെന്നും സിദ്ദിഖ് പറഞ്ഞു.