തിരുവനന്തപുരം: നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാർ താരസംഘടനായ അമ്മയിൽ നിന്ന് രാജിവെച്ചു.
നടിമാരായ റിമ കല്ലിങ്കൽ, ഗീതുമോഹൻദാസ്, രമ്യാ നമ്പീശൻ എന്നിവരും ആക്രമിക്കപ്പെട്ട നടിയുമാണ് രാജിവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് ഇവരുടെ രാജി പ്രഖ്യാപനം.
അതേസമയം, സിനിമയിലെ വനിതാ കൂട്ടായ്മയിൽ അംഗങ്ങളായ മഞ്ചുവാര്യർ, പാർവതി ഉൾപ്പെടെയുള്ളവർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന അമ്മയുടെ യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുത്തത്. ഇതാണ് നടിമാരെ പ്രകോപിപ്പിച്ചത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മുൻകൂട്ടിയുള്ള തിരക്കഥയനുസരിച്ചാണെന്നാണ് നടിമാരുടെ ആരോപണം.
അമ്മയുടെ യോഗത്തിൽ നിലപാട് വ്യക്തമാക്കിയിട്ട് കാര്യമില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് തങ്ങൾ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാത്തതെന്നും നടിമാർ പറയുന്നു.