ഗുരുവായൂര്‍: നിപ വൈറസ് ബാധയില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നിപയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ട്.എല്ലാ സഹായവും നല്‍കി സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കും.ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം ബിജെപിയുടെ അഭിനന്ദന്‍ സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേരളത്തിനു നന്ദി പറഞ്ഞ മോദി കേരളം തനിക്ക് വാരാണസി പോലെയാണെന്നും വ്യക്തമാക്കി.ജയിക്കാത്തിടത്ത് നന്ദി പറയുന്നതെന്തിനെന്ന് കരുതുന്നവരുണ്ടാവും.എന്നാല്‍ എല്ലാവരേയും ഒരേപോലെ കരുതുന്ന സമീപനമാണ് ബിജെപി സര്‍ക്കാരിന്റേതെന്നും മോദി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഫലങ്ങള്‍ കേരളത്തിന് ലഭിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ മോദി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ ഭാഗമാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല.കേരളവും ഈ പദ്ധതിയുടെ ഭാഗമാകണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി അവിടെ താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരമടക്കം നിരവധി വഴിപാടുകള്‍ നടത്തി.തുടര്‍ന്നാണ് ബിജെപിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയത്.കേന്ദ്രമന്ത്രി വി മുരളീധരനും മറ്റു സംസ്ഥാനനേതാക്കളും യോഗത്തില്‍ പങ്കെടുത്തു.