തിരുവനന്തപുരം:ശബരിമല വിഷയത്തിനെച്ചൊല്ലി നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിപക്ഷ ബഹളത്തെുടര്ന്ന് സഭ പ്രക്ഷുബ്ധമായി. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബഹളം തുടങ്ങി.
നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം നീണ്ടുപോയെന്ന് ആരോപിച്ച് സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി.മുഖ്യമന്ത്രി 45 മിനിറ്റോളം സംസാരിച്ചത് അസാധാരണ നടപടിയാണെന്നും സഭാ നടപടികള്‍ക്ക് വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.എന്നാല്‍ പറയാനുള്ള ആരോഗ്യം ഉള്ളത് കൊണ്ടാണ് ഇത്രയും നേരം സംസാരിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ആരോഗ്യം തെളിയിക്കാനുള്ള വേദിയല്ല നിയമസഭയെന്നായിരുന്നു മറുപടിയായി ചെന്നിത്തല തിരിച്ചടിച്ചത്.
കേരളത്തിലെ പ്രളയത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒരുമിച്ച് മറുപടി പറഞ്ഞത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ചോദ്യങ്ങള്‍ ഒരുമിച്ച് ചേര്‍ത്തത് ശരിയായില്ലെന്നും പ്രതിപക്ഷം ആക്ഷേപമുയര്‍ത്തി. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷ എം.എല്‍.എമാര്‍ രംഗത്തെത്തിയതോടെ സഭ ബഹളത്തില്‍ മുങ്ങി. ഇരുപക്ഷത്തെയും സ്പീക്കര്‍ അനുനയിപ്പിച്ച് ഇരിപ്പിടങ്ങളിലേക്ക് അയച്ചെങ്കിലും മുഖ്യമന്ത്രി വീണ്ടും സംസാരിക്കാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി.
അതേസമയം, പ്രളയത്തില്‍ കേരളം കാണിച്ച അസാമാന്യ സാമുദായിക ഐക്യം പരമാവധി തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തി അംഗങ്ങളുടെ അവകാശങ്ങള്‍ തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദേദ്ഹം കൂട്ടിച്ചേര്‍ത്തു.