കോഴിക്കോട്: വാതക പൈപ്പ് ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങലും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിട്ടും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയ്ല്‍. പദ്ധതി നിര്‍ത്താന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെങ്കില്‍ സര്‍ക്കാരോ മാനേജ്മെന്റോ നിര്‍ദേശം നല്‍കണമെന്നും ഗെയ്ല്‍ ഡിജിഎം എം വിജു പറഞ്ഞു.

വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനാകില്ല. ഇതുവരെയും അത്തരത്തിലൊരു നിര്‍ദേശം ഗെയ്ലിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം ഗെയ്ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാതെ സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് സമരസമിതിക്ക്. ഗെയ്ല്‍ വിരുദ്ധ സമരത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗം സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.

മന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കാനുളളവരുടെ പട്ടിക ജില്ലാ കളക്ടര്‍ തയ്യാറാക്കും. പട്ടികയിലുള്ളവര്‍ക്ക് മാത്രമേ യോഗത്തില്‍ പങ്കെടുക്കാനാകൂ. പട്ടിക ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും.

സമരം ശക്തമായ സാഹചര്യത്തില്‍ സമരസമിതി ഇന്ന് യോഗം ചേരുകയാണ്. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ച സാഹചര്യത്തിലാണ് യോഗം. യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.