നിലയ്ക്കല്‍:ശബരിമല സന്ദര്‍ശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് നേതാക്കള്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസിന്റെ അനുമതിയോടെ നേതാക്കള്‍ കെഎസ്ആര്‍ടിസി ബസില്‍ ശബരിമലയിലേക്കു തിരിച്ചു. നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ചാണ് നേതാക്കള്‍ ശബരിമലയില്‍ എത്തിയത്.
നിലയ്ക്കലിലെത്തിയപ്പോള്‍ എം.എല്‍.എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന് എസ്പി യതീഷ് ചന്ദ്ര അറിയിച്ചു.ഇതോടെ നേതാക്കള്‍ പൊലീസിനെതിരെ തിരിഞ്ഞു. നിരോധനാജ്ഞ പിന്‍വലിക്കണം,ശബരിമലയില്‍ കരിനിമയം വേണ്ടെന്നും വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തുടര്‍ന്ന് നേതാക്കള്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു.അനാവശ്യ നിയന്ത്രണമാണ് ശബരിമലയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നതെന്നും സാധാരണ ഭക്തരെക്കൂടി സന്നിധാനത്തേക്ക് കയറ്റിവിടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയില്‍ നിരോധനാജ്ഞയുടെ ആവശ്യമില്ലെന്നും , 144 ഉടന്‍ പിന്‍വലിക്കണമെന്നും അയ്യപ്പഭക്തരെ എന്തിനാണ് പൊലീസ് തടയുന്നതെന്നും ചെന്നിത്തല ചോദിച്ചു.ശബരിമല തീര്‍ത്ഥാടനത്തെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു.ഭക്തജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.രമേശ് ചെന്നിത്തല,ഉമ്മന്‍ചാണ്ടി,പിജെ ജോസഫ്,ജോണി നെല്ലൂര്‍,എന്‍.കെ.പ്രേമചന്ദ്രന് എന്നിവരടക്കം ഘടകക്ഷി നേതാക്കളടങ്ങിയ ഒന്‍പതംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ശബരിമലയിലേക്കെത്തിയത്.