നെല്ലു സംഭരിച്ച ഇനത്തില്‍ സര്‍ക്കാര്‍ 1450 കോടി രൂപ ബാങ്കുകള്‍ക്കു കുടിശിക വരുത്തിയതുമൂലം നെല്‍കര്‍ഷകര്‍ റവന്യൂ റിക്കവറി നേരിടുകയാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തുക അടയിന്തരമായി നൽകാന്‍ നടപടി എടുക്കണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തു നല്കി.

സിവില്‍ സപ്ലൈസ് വകുപ്പ്  നെല്ല് സംഭരിച്ച് ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക്  പണം നല്‍കുകയാണ് പതിവ്. നെല്ല് ഏറ്റെടുത്ത ശേഷം മില്ലുടമകള്‍ നല്‍കുന്ന പാഡി റസിപ്റ്റ് ഷീറ്റ് (PRS) ബാങ്കുകളില്‍ ഹാജരാകുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് പണം നല്‍കുന്നു.  ലോണ്‍ തുകയും നിര്‍ദ്ദിഷ്ട പലിശയും സര്‍ക്കാര്‍ നേരിട്ടാണ് ബാങ്കുകള്‍ക്ക് തിരിച്ചടക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏറ്റെടുത്ത നെല്ലിന്റെ തുകയായ 1450 കോടി രൂപ സര്‍ക്കാര്‍ ഇതുവരെയും ബാങ്കുകള്‍ക്ക് നല്‍കിയിട്ടില്ല. ഇതേതുടര്‍ന്ന്   PRS ഹാജരാക്കിയ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ഈ വര്‍ഷത്തെ പണം  നല്‍കിയില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
ലോണ്‍ വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് റിക്കവറി നോട്ടീസ് നല്‍കുകയാണ്.
സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിഖ എത്രയും വേഗം ലഭ്യമാക്കി റവന്യൂ റിക്കവറി നടപടികളില്‍ നിന്നും കര്‍ഷകരെ രക്ഷിക്കണം.  മില്ലുടമകള്‍ കര്‍ഷകര്‍ക്ക് നല്‍കിയ PRS സ്വീകരിച്ച് തുക വിതരണം ചെയ്യാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കണമെുന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.