തിരുവനന്തപുരം:തനിക്ക് പദ്മഭൂഷണ്‍ ബഹുമതി നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍.
താന്‍ കൊടുത്ത കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും സുപ്രീംകോടതി പറഞ്ഞത് സെന്‍കുമാറിന് ബോധ്യപ്പെട്ടിട്ടില്ലെന്നും നമ്പി നാരായണന്‍. ആരോപണങ്ങള്‍ അപ്രസക്തമാണ്.സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്.പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നതെന്നും നമ്പി നാരായണന്‍ പറഞ്ഞു.
നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ അതിരൂക്ഷമായാണ് സെന്‍കുമാര്‍ വിമര്‍ശിച്ചത്. പുരസ്‌കാരം നല്‍കാനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് നല്‍കിയവര്‍ വിശദീകരിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. ശരാശരിക്കും താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും സമിതി റിപ്പോര്‍ട്ട് നല്‍കും വരെ നമ്പി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു.ഇങ്ങനെ പോയാല്‍ മറിയം റഷീദയും ഗോവിന്ദച്ചാമിയും അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പുസ്‌കാര പട്ടികയില്‍ വരുമെന്നും ടി പി സെന്‍കുമാര്‍ രൂക്ഷമായി പരിഹസിച്ചിരുന്നു.