ആരുടെയോ പറമ്പിൽ കയറി അവിടെയുള്ള  വാഴയ്ക്ക് വെള്ളമൊഴിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പന്തീരാങ്കാവ്  മാവോയിസ്റ്റ് കേസ് കേന്ദ്രത്തിന്റെ കയ്യിൽ നിന്നും തിരിച്ചു സംസ്ഥാന പോലീസ് ഏറ്റെടുക്കണമെന്നാണ് സർക്കാരിനോട് രമേശ് ആവശ്യപ്പെടുന്നത് .രാത്രി കട്ടൻചായ കുടിക്കാനിറങ്ങിയ പാവം കുട്ടികളെ എൻ ഐ എ ചുമത്തി കേസ് എടുത്തതിനെതിരെ അടിയന്തിര പ്രമേയം കൊണ്ട് വന്നിരിക്കുകയാണ് പ്രതിപക്ഷം.    

അലൻ ഷുഹൈബ് ,ഫൈസൽ താഹ ,ഉസ്മാൻ എന്നിവരുൾപ്പെട്ട കേസാണ് ഇപ്പോൾ എൻ ഐ എ അന്വേഷിക്കുന്നത് .നേരത്തെ യു എ പി എ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് ഉസ്മാൻ. അലനെയും താഹയെയും പോലീസ് കസ്റ്റഡിയിലെടുത്തത് കൂട്ടത്തിൽ  മൂന്നാമനായ ഉസ്മാൻ ഓടി രക്ഷപ്പെട്ടതിനെ തുടർന്നായിരുന്നു. കട്ടൻ ചായ കുടിക്കാൻ രാത്രി വെളിയിലിറങ്ങിയ സാധാരണക്കാരാണ് ഈ മൂന്നുപേരുമെന്ന് പോലീസ് വിശ്വസിച്ചില്ല .അലനും താഹയും സ്വന്തം മൊബൈൽ ഫോൺ കയ്യിൽ കരുതിയിട്ടില്ലായിരുന്നു .രണ്ടുപേർക്കും  സ്വന്തമായി  മൊബൈൽ ഫോൺ ഉണ്ടായിരുന്നിട്ടും അത് എടുക്കാതെ വീട്ടിൽ വച്ചിട്ടായിരുന്നു പിള്ളേര് കട്ടൻചായ  കുടിക്കാനിറങ്ങിയത് .മാവോയിസ്റ്റ് രഹസ്യ സമാഗമങ്ങളിൽ പിന്നീട് തെളിവുകൾ ഉണ്ടാകാതിരിക്കുവാൻ മൊബൈൽ ഒഴിവാക്കുന്നതാണ് രീതി എന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു .തുടർന്ന് മോവോയിസ്റ്റ് പ്രവർത്തനങ്ങളുടെ പേരിൽ പ്രതികളുടെ മേൽ യു എ പി എ വകുപ്പ് ചുമത്തപ്പെട്ടു.പ്രതികളുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതികൾ സി പി എം പ്രവർത്തകരാണെന്ന് പറഞ്ഞു കേസിനെ  പ്രതിരോധിക്കാൻ ശ്രമമാരംഭിച്ചു .അലൻ ഷുഹൈബ് ജമാഅത്തെ ഇസ്ലാമിയയുടെ സോളിഡാരിറ്റിയുടെ പരിപാടിയിൽ പങ്കെടുത്ത ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പോലീസ് പുറത്തുവിട്ടു .താഹ ഫൈസലിന്റെ വീട് പോലീസ് പരിശോധിക്കുന്ന വേളയിൽ താഹ മാവോയിസ്റ്റ് മുദ്രാവാക്യം മുഴക്കിയിരുന്നു .ആ ദൃശ്യങ്ങളും പല മാധ്യമങ്ങളും സംപ്രേക്ഷണം ചെയ്തതാണ്. കോടതിയിൽ കൊണ്ട് വരുമ്പോൾ മാധ്യമങ്ങളിൽ കാണിക്കുന്ന ദൃശ്യങ്ങളിൽ പ്രതികളുടെ ശരീര ഭാഷ തന്നെ പിശകാണ് .ചുരുക്കിപ്പറഞ്ഞാൽ ഈ കേസിൽപ്പെട്ട പ്രതികൾ സി പി എമ്മാണോ , ഇസ്ലാമിക സംഘടനാ പ്രവർത്തകരാണോ , മാവോയിസ്റ്റാണോ എന്നതിൽ ഒരു തീരുമാനം ആദ്യം രമേശ് ചെന്നിത്തല തന്നെ ആലോചിച്ച് പറയട്ടെ . അഞ്ചു മുസ്‌ലിം വോട്ടിനായി ഇത് പോലുള്ള ഒരു  കേസിൽ തലവയ്ക്കാൻ ഇറങ്ങിത്തിരിച്ച ചെന്നിത്തല കോൺഗ്രസിന് സത്യത്തിൽ ബാധ്യതയാവുകയാണ് .