കൊച്ചി: പോലീസ് ലാത്തിച്ചാര്‍ജില്‍ കൈയൊടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിനു പിന്നാലെ പ്രതികരണവുമായി എല്‍ദോ എബ്രഹാം എംഎല്‍എ. പരിക്കിനെക്കുറിച്ച് കൂടുതല്‍ തര്‍ക്കത്തിനില്ലെന്നും പരിക്കിന്റെ അളവ് അന്വേഷിക്കുന്നത് നല്ല രീതിയല്ല. പ്രകോപനമില്ലാതെയാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ തെറിച്ചു വീണു. എറണാകുളം ജില്ലാ ആശുപത്രിയിലെ പരിശോധനയില്‍ കൈ മുട്ടില്‍ നേരിയ പൊട്ടല്‍ കണ്ടെത്തിയിരുന്നു. അത് ഗുരുതരമായ ഒരു പൊട്ടലാണെന്ന് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
പരിക്ക് സാരമുള്ളതാണോ ഇല്ലാത്തതാണോ എന്ന ചര്‍ച്ച തന്നെ തെറ്റാണ്.ലാത്തിയടിയേറ്റ് ശരീരത്തില്‍ ഉണ്ടായ പരിക്കുപോലും വരും ദിവസങ്ങളില്‍ നിഷേധിക്കപ്പെട്ടേക്കാമെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.
ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എല്‍എല്‍എയുടെ കൈയിലെ എല്ലുകള്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.മെഡിക്കല്‍ റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. എംഎല്‍എയുടെ ആരോപണം വ്യാജമാണെന്ന് നേരത്തേ പോലീസ് പറഞ്ഞിരുന്നു.