കൊച്ചി:പിഎസ്‌സി പരീക്ഷാത്തട്ടിപ്പിന് ഉപയോഗിച്ചത് സ്മാര്‍ട്ട് വാച്ചുകളെന്ന് യൂണിവേഴ്‌സിറ്റി കോളജിലെ കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും.പരീക്ഷ തുടങ്ങിയശേഷം സ്മാര്‍ട്ട് വാച്ചിലേക്ക് ഉത്തരങ്ങള്‍ എസ്എംഎസുകളായി വന്നുവെന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി ആസൂത്രണം ചെയ്തതെന്നും തട്ടിപ്പിന് സഹായിച്ച പൊലീസുകാരന്‍ ഗോകുലും സഫീറും റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ച പ്രണവിന്റെ സുഹൃത്തുക്കളാണെന്നും ശിവരഞ്ജിത്തും നസീമും വെളിപ്പെടുത്തി.
അതേസമയം ഉത്തരങ്ങള്‍ അയച്ചവര്‍ക്ക് പിഎസ്‌സി ചോദ്യപ്പേപ്പര്‍ എങ്ങനെ കിട്ടിയെന്നതിനെക്കുറിച്ച് പ്രതികള്‍ പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. പ്രണവ്, ഗോകുല്‍,സഫീര്‍ എന്നിവരെ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ തട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരികയുള്ളു.