കൊച്ചി:മംഗലാപുരത്തുനിന്നും അഞ്ചര മണിക്കൂര്‍ കൊണ്ട് ആ കുഞ്ഞുമായി ആംബുലന്‍സ് അമൃത ആശുപത്രിയിലെത്തി. തിരുവനന്തപുരത്ത് ശ്രീചിത്രാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായാണ് കുഞ്ഞിനെ കൊണ്ടു വന്നതെങ്കിലും അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ സര്‍ക്കാര്‍ ഇടപെട്ട് കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു.കുഞ്ഞിന്റെ ചികില്‍സാ സഹായം സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.വിദഗ്ദ്ധഡോക്ടര്‍മാരുടെ സംഘം അമൃത ആശുപത്രിയില്‍ തയ്യാറായിരുന്നു.
കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊണ്ടു വന്നത്. രാവിലെ 11 ന് മംഗലാപുരത്ത് നിന്നും പുറപ്പെട്ട KL60 J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. അഞ്ചരമണിക്കൂര്‍ കൊണ്ട് 400 മണിക്കൂര്‍ താണ്ടിയാണ് ആംബുലന്‍സ് എത്തിച്ചത്.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് കുഞ്ഞിനു വേണ്ടി ആംബുലന്‍സ് മിഷന് ഏറ്റെടുത്തത്.അവര്‍ ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ചു.മുഖ്യമന്ത്രിയും ആബുലന്സിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥിച്ചു.സമൂഹമാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്ത് ഷെയര്‍ ചെയ്തതോടെ കുഞ്ഞിനായി കേരളം കൈകോര്‍ത്തു.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമംഗങ്ങള്‍ വഴിയരുകില്‍ ജാഗ്രതയോടെ നിലകൊണ്ടു.ഒപ്പം പോലീസും സന്നദ്ധ സംഘടനകളും സാധാരണ ജനസമൂഹവും ആംബുലന്‍സിനായി വഴിയൊരുക്കി.തിരുവനന്തപുരം ശ്രീചിത്രയിലേക്കു കൊണ്ടു വരാനിരുന്ന കുഞ്ഞിനെ അമൃതയില്‍ ചികില്‍സിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തി.കാരണം കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ഇത്രയും ദൂരം കൂടി യാത്ര ചെയ്യുന്നത് സ്ഥിതി മോശമാക്കുമെന്നതിനാലാണ് ചികില്‍സാ സൗകര്യമുള്ള അമൃതാ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചത്.കുട്ടിയുടെ ചികില്‍സ ഹൃദ്യം പദ്ധതി വഴി പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.