തിരുവനന്തപുരം: കീഴ്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കാന് സി.ബി.ഐ തീരുമാനിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും ലാവ്ലിന് കുരുക്കിലായി. കേസില്‍ പിണറായി വിചാരണ നേരിടണമെന്ന നിലപാട് അറിയിക്കാനാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപീക്കാനൊരുങ്ങുന്നത്.
അതേസമയം, വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് കൂപ്പുകുത്തുന്ന ഇടതുസര്‍ക്കാരിനും മുഖ്യമന്ത്രിക്കും സി.ബി.ഐ തീരുമാനം വന്‍ തിരിച്ചടിയായി. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ രാഷ്ട്രീയ വിവാദം കത്തിപ്പടര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ലാവ്ലിന് കേസ് വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. 1990-കളിലുണ്ടായ അഴിമതി കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കോടതി നടപടി ചോദ്യം ചെയ്ത് സമര്‍പ്പിക്കുന്ന ഹര്‍ജിയിലായിരിക്കും സി.ബി.ഐ ‘കോടതി വിചാരണ’ എന്ന ആവശ്യം ഉന്നയിക്കുക. ഇക്കാര്യം ഇന്നലെ ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കേസ് അവസാനിച്ചെന്നും തന്റെ രാഷ്ട്രീയ ഭാവിയെ ഇനി ഒരുതരത്തിലും ലാവ്ലിന് ഇടപാട് ബാധിക്കില്ലെന്നും കരുതിയ പിണറായിക്ക് ശക്തമായ തിരിച്ചടിയാണുണ്ടായിരിക്കുന്നത് . സി.ബി.ഐ അപ്പീല്‍ പോകുന്നതോടെ ലാവ്ലിന് കേസ് ദേശീയത ലത്തില്‍ വീണ്ടും സജീവ ചര്ച്ചയാകുമെന്നതു പിണറായിയെ അസ്വസ്ഥനാക്കും.
ബന്ധുനിയമനം, ലൈംഗിക സംഭാഷണം, കായല്‍ കയ്യേറ്റം എന്നിങ്ങനെയുള്ള വിവാദങ്ങളെ തുടര്‍ന്ന് മൂന്ന് മന്ത്രിമാര്‍ രാജിവെച്ചതിന്റെ നാണക്കേടിലാണ് ഇടതുസര്‍ക്കാര്‍. ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ നടപടി, പി.വി അന്‍വര്‍ എം.എല്‍.എയുടെ പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവാദം അവസാനിച്ചിട്ടുമില്ല. ഇതിനിടയില്‍ ആകെ ആശ്വാസമായെത്തിയത് പിണറായിയെ ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയായിരുന്നു. ഇതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുന്നതോടെ പിണറായി അടക്കം കുറ്റവിമുക്തരാക്കപ്പെട്ടവര്‍ വിചാരണ നേരിടേണ്ടിവരിമെന്നാണ് വിലയിരുത്തല്‍.
ലാവ്ലിന് ഇടപാടില്‍ മന്ത്രി കുറ്റവിമുക്തനും ഉദ്യോഗസ്ഥര്‍ കുറ്റക്കാരും ആകുന്നത് എങ്ങനെയെന്ന ചോദ്യമാണ് സി.ബി.ഐ ഉന്നയിക്കുന്നത്. കേസില്‍ അപ്പീല്‍ പോകാമെന്നറിയിച്ച് സി.ബി.ഐക്കുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജന് സി.ബി.ഐ ഡയറക്ടറേറ്റിന് കത്ത് നല്‍കിയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീളുന്ന വിവാദത്തില്‍ നിന്ന് പിണറായിക്ക് ഇനിയും തലയൂരാനാകില്ലെന്ന സൂചനയാണ് സി.ബി.ഐയുടെ അപ്പീല്‍ നീക്കത്തിലൂടെ വ്യക്തമാകുന്നത്. ലാവ്ലിന് കേസില്‍ പെട്ടതിന്റെ പേരില്‍ മാത്രം ഏറെക്കാലം പാര്‍ലമെന്ററി രംഗത്തുനിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന പിണറായി, പിന്നീട് തെരഞ്ഞെടപ്പിനെ നേരിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായെങ്കിലും രാഷ്ട്രീയ ഭാവിയിലുണ്ടായ അനിശ്ചിതത്വം വിട്ടുമാറിയിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 23നുണ്ടായ ഹൈക്കോടതി വിധിയോടെ പിണറായി കരുത്താര്‍ജ്ജിക്കുകയായിരുന്നു.
പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ പ്രവൃത്തി കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിന് നല്‍കിയതില്‍ 374 കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നാണ് കേസ്. പിണറായി ഉള്‍പ്പടെയുള്ള കേസിലെ പ്രതികളെ 2013ല്‍ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. വിധിക്കെതിരേ സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസിലെ ഏഴം പ്രതിയായിരുന്ന പിണറായി വിജയന്, ഒന്നാം പ്രതി ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്, എട്ടാം പ്രതി ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളായ മുന്‍ അക്കൗണ്ട്സ് കമ്മിറ്റി മെമ്പര്‍ കെ.ജി രാജശേഖരന് നായര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്മാന് ആര്. ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനിയര്‍ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. അതേസമയം, പിണറായിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്യാനുള്ള രേഖകള്‍ ഉള്‍പ്പെടെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിക്കുന്നത്. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കേണ്ട അപ്പീല്‍ അടക്കമുള്ള രേഖകള്‍ സി.ബി.ഐ തയ്യാറാക്കി. ഹൈക്കോടതി വിധിക്കെതിരെ 90 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട 90 ദിവസം നവംബര്‍ 21 ന് അവസാനിച്ചിട്ടും, സിബിഐ നടപടികള്‍ സ്വീകരിക്കാതിരുന്നത് വിമര്‍ശനവിധേയമായിരുന്നു. തുടര്‍ന്നാണ് അപ്പീല്‍ സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും വൈകിയതിനുള്ള മാപ്പപേക്ഷ സഹിതം അപ്പീല്‍ സമര്‍പ്പിക്കാനാണ് പദ്ധതിയെന്നും സി.ബി.ഐ അറിയിച്ചത്.