കൊച്ചി:പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലീസ് എത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷം.വിശ്വാസികള്‍ സംഘടിച്ചെത്തി പള്ളിയുടെ ഗേറ്റ് അകത്തുനിന്നും പൂട്ടി.തുടര്‍ന്ന് ചിലര്‍ ദേഹത്ത്  മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി.
നിരവധി സ്ത്രീകള്‍ പള്ളിക്കെട്ടിടത്തിന്റെ മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കി നില്‍ക്കുകയാണ്.ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പുരോഹിതരടക്കം ശ്രമിച്ചെങ്കിലും ആരും താഴെയിറങ്ങിയില്ല.
പൊലീസ് പള്ളിയുടെ അകത്ത് കയറാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് യാക്കോബായ വിഭാഗക്കാര്‍ പറഞ്ഞു.ഒടുവില്‍ സംഘര്‍ഷാവസ്ഥ നിയന്ത്രണാതീതമായതിനാല്‍ വിധി നടപ്പാക്കാന്‍ കഴിയാതെ പോലീസ് പിന്‍വാങ്ങി.
പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ വൈദികന്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തുന്നതാണ് സംഘര്‍ഷാവസ്ഥ രൂക്ഷമാകാന്‍ കാരണം. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ പ്രതിഷേധിക്കുകയായിരുന്നു.
പിറവം പള്ളിയുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ കേസ് നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയത്.
പിറവം പള്ളിത്തര്‍ക്കത്തില്‍ ഇടപെടാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു.