കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞുവെന്ന ആരോപണവുമായി ബി ജെ പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. ജനരക്ഷായാത്രയുടെ ഭാഗമായി മൂവാറ്റുപുഴയില്‍ ന്യൂ മാന്‍ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു കുമ്മനത്തിന്റെ അഭിപ്രായം.

‘ഏഴ് വര്‍ഷം മുമ്പ് തീവ്രവാദികളാല്‍ കൈവെട്ടി മാറ്റപ്പെട്ട, പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന പ്രൊഫ.ടി ജെ ജോസഫ് സാറിനെ ഇന്നു രാവിലെ വീട്ടിലെത്തി സന്ദര്‍ശിക്കുകയുണ്ടായി’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കുമ്മനം തുറന്നടിച്ചിരിക്കുന്നത്.

ജോസഫിന്റെ കൈ വെട്ടി മാറ്റിയതിന് പിന്നില്‍ ആരെന്ന്് ഇത് കണ്ടെത്താന്‍ ഇരു മുന്നണികള്‍ക്കും കഴിയാത്തത് ഖേദകരമാണ്. അന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ തന്നെയാണ് ഇന്ന് അഖിലയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ട് നിരേധിക്കേണ്ടതിന് പകരം സമ്മേളനം നടത്താന്‍ എല്ലാ ഒത്താശയും ചെയ്തു നല്‍കുകയാണ് സര്‍ക്കാര്‍. ജോസഫിന് ചികിത്സാസഹായം നല്‍കാത്ത നടപടികളിലൂടെ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് തെളിയിക്കുകയാണ്. കേരളത്തില്‍ ലൗ ജിഹാദികള്‍ ഉണ്ടോയെന്ന കൊടിയേരിയുടെ സംശയത്തിനുള്ള മറുപടിയാണ് ജോസഫിനുണ്ടായ അനുഭവമെന്നും കുമ്മനം പറയുന്നു.

കുമ്മനത്തിനൊപ്പം ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. അനില്‍ ജെയ്ന്‍, ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് തുടങ്ങിയവരും ടി ജെ ജോസഫിനെ സന്ദര്‍ശിച്ചു.

 

കുമ്മനം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏഴു വര്‍ഷം മുന്‍പ് തീവ്രവാദികളാല്‍ കൈവെട്ടി മാറ്റപ്പെട്ട, പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന
പ്രൊഫ ടി ജെ ജോസഫ് സാറിനെ ഇന്നു രാവിലെ വീട്ടിലെത്തി സന്ദര്‍ശിക്കുകയുണ്ടായി.
നീതി ഉറപ്പാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല . കേരളത്തില്‍ ജിഹാദികള്‍ ഉണ്ടോയെന്ന കോടിയേരി ബാലകൃഷ്ണന്റെ സംശയത്തിനുള്ള മറുപടിയാണ് ജോസഫിന്റെ അനുഭവം.
സംഭവം നടന്ന് 7 വര്‍ഷമായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തത് ഖേദഖരമാണ്.. വൈക്കത്തെ അഖിലയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതും ഇതേ ശക്തികളാണ്. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടി മാറ്റിയപ്പോള്‍ കേരളം മുഴുവന്‍ ഞെട്ടിത്തരിച്ചെങ്കിലും അതിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് അഖിലയെ മതംമാറ്റി വിഹാഹം കഴിക്കാന്‍ ശ്രമിച്ച ഷഫീന്‍ ജഹാന്‍. കേരളം ജിഹാദികളുടെ താവളമായി മാറിക്കഴിഞ്ഞു. കേരളത്തില്‍ ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് പൊലീസും സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന് നേതൃത്വം കൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് സമ്മേളനം നടത്താന്‍ എല്ലാ ഒത്താശയും ചെയ്തു നല്‍കിയത് പിണറായി സര്‍ക്കാരാണ്. അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയാണ്. മറ്റ് രണ്ടു മുന്നണികളും ഇവര്‍ക്ക് സഹായം ചെയ്തു കൊടുക്കുകയാണ്.
ജോസഫിന് അര്‍ഹതപ്പെട്ട ചികിത്സാ സഹായം ഇതുവരെ നല്‍കാത്ത സര്‍ക്കാര്‍ നടപടി ക്രൂരമാണ്. ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നതിന്റെ തെളിവാണിത്. ബിജെപി ഇടപെടല്‍ മൂലമാണ് കേസ് ഇപ്പോള്‍ എന്‍ഐഎ അന്വേഷിക്കുന്നത്. കേസിലെ അന്താരാഷ്ട്ര ബന്ധം അന്വേഷണ വിധേയമാക്കണം.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ അനില്‍ ജെയ്ന്‍, ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, പി ജെ തോമസ്, ശങ്കരന്‍കുട്ടി, ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ മോഹന്‍ ദാസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.