ഇടുക്കി:പീരുമേട് കസ്റ്റഡി മരണത്തില്‍ 10 പോലീസുകാര്‍ക്കെതിരെ നടപടി.പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി രാജ്കുമാര് മരിച്ചത് കസ്റ്റഡിയില്‍ മര്‍ദനമേറ്റാണെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.നെടുങ്കണ്ടം എസ് ഐ ഉള്‍പ്പെടെ നാലുപേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.സി ഐ അടക്കം ആറുപേരെ സ്ഥലംമാറ്റി. കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് നെടുങ്കണ്ടം സ്റ്റേഷനില്‍ ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാലാണ് നടപടിയെന്ന് ഡിഐജി അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയാണ് മരിച്ച രാജ്കുമാര്.നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത രാജ്കുമാറിനെ ഈ മാസം 16നാണ് പീരുമേട് സബ് ജയിലില്‍ എത്തിച്ചത്.ജയിലില്‍ വച്ച് നെഞ്ചുവേദനയുണ്ടായതിനെത്തുടര്‍ന്ന് രാജ്കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.എന്നാല്‍ ഈ മരണത്തില്‍ അസ്വഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.ജൂണ്‍ 16-ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.എന്നാല്‍ ജൂണ്‍ 12ന് രാജ്കുമാറിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നെന്നാണ്് ബന്ധുക്കള്‍ പറയുന്നത്.