ദില്ലി:പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ പേരില്‍ വോട്ടു ചോദിച്ച് പ്രധാനമന്ത്രിയുടെ നടപടി പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗമാണ് ചട്ടലംഘനമെന്ന കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
പതിനെട്ട് വയസ് തികഞ്ഞ വോട്ടര്‍മാര്‍ വ്യോമാക്രമണം നടത്തിയ വ്യോമസേനാ പൈലറ്റുമാരുടെ ധൈര്യത്തെ മുന്‍നിര്‍ത്തി തങ്ങളുടെ കന്നി വോട്ട് ചെയ്യാന്‍ തയ്യാറുണ്ടോ എന്നും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.
സംഭവം വിവാദമാകുകയും പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് മോദിയുടെ പ്രസംഗം പരിശോധിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസംഗത്തില്‍ പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തിയത്. പ്രതിരോധ സേനയെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.