മുംബൈ: നാടോടിപ്പെണ്‍കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോയതല്ലെന്നും പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും ഓച്ചിറയിലെ തട്ടികൊണ്ടുപോകല്‍ കേസില്‍ പിടിയിലായ പ്രതി മുഹമ്മദ് റോഷന്‍. രണ്ട് വര്‍ഷക്കാലമായി തങ്ങള്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്ക് ബന്ധം അറിയാമെന്നും റോഷന്‍ വ്യക്തമാക്കി. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനാലാണ് നാടുവിട്ടതെന്നും റോഷന്‍ പറഞ്ഞു.സിപിഐ മേമന തെക്ക് ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകനാണ് റോഷന്‍.
തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ പോയതാണെന്നും പെണ്‍കുട്ടിയും പോലീസിനോട് പറഞ്ഞു.വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാലാണ് റോഷനൊപ്പം ഒളിച്ചോടിയത്. തനിക്ക് റോഷനൊപ്പം ജീവിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതായാണ് സൂചന.പെണ്‍കുട്ടിയും റോഷനും
മുംബൈ പന്‍വേലിലെ പൊലീസ് സ്റ്റേഷനിലാണ്.
ഇന്നലെയാണ് റോഷനേയും പെണ്‍കുട്ടിയേയും മുബൈയിലെ ഒരു ചേരിയില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.നാട്ടിലെ ബന്ധുവിന് വന്ന ഫോണ്‍കോള്‍ പിന്തുടര്‍ന്നാണ് റോഷനെ കേരളാ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. ബൈക്ക് വിറ്റ പണവുമായാണ് റോഷന്‍ പെണ്‍കുട്ടിക്കൊപ്പം നാടുവിട്ടത്.ആദ്യം മംഗലാപുരത്തേക്കും അവിടെനിന്നും രാജസ്ഥാനിലേക്കും പോയി. അവിടെനിന്നുമാണ് മുംബൈയിലേക്കു പോയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതില്‍ പോക്സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് റോഷനും മറ്റു പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ്സുണ്ടെന്നാണ് റോഷന്‍ പറഞ്ഞത്.ഈ മാസം 18ന് രാത്രിയാണ് പെണ്‍കുട്ടിയെയും കൊണ്ട് റോഷന്‍ എറണാകുളത്തുനിന്ന് പോയത്.
പെണ്‍കുട്ടിയെ കണ്ടെത്തിയതില്‍ സന്തോഷമെന്ന് പിതാവ് പ്രതികരിച്ചു.എന്നാല്‍ പെണ്‍കുട്ടിയെ ഇനി കേരളത്തില്‍ നിര്‍ത്തില്ലെന്നും രാജസ്ഥാനിലേക്ക് കൊണ്ടുപോവുകയാണെന്നും പിതാവ് പറഞ്ഞു.

.