കാസര്‍കോഡ്:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കൊലപാതകത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുളുള്‍പ്പടെയുള്ള തൊണ്ടിമുതലുകള്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു.
അറസ്റ്റിലായ ഒന്നാം പ്രതി സി.പി.എം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരന്റെ 90 ദിവസം റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരും ഉള്‍പ്പെടുന്ന പ്രതിപ്പട്ടികയില്‍ മൊത്തം 14 പേരുണ്ട്.ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട പങ്കെടുത്തവരും 9 മുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതകത്തിന് സഹായങ്ങള്‍ ചെയ്തവരുമാണെന്നാണ് കുറ്റപത്രത്തിലുള്ളത്.
പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും സഹായിച്ചവരെന്ന് കണ്ടെത്തിയ 12 മുതല്‍ 14 വരെയുള്ള പ്രതികള്‍ക്ക് നേരത്തെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഫെബ്രുവരി 17 ന് രാത്രിയാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ഒന്നാം പ്രതി പീതാംബരന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.