തിരുവനന്തപുരം: പൊതുമരാമത്ത് പണികള്‍ സുതാര്യമാക്കുന്നതിന്റെയും ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന്റേയും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റേയും ഭാഗമായി സാമൂഹ്യ ഓഡിറ്റിംഗ് സംവിധാനത്തിനുള്ള ജില്ലാതല സമിതികള്‍ രൂപീകരിച്ചതായി മന്ത്രി ജി.സുധാകരന് അറിയിച്ചു. സംസ്ഥാന സമിതിയും അസംബ്ലി മണ്ഡലാടിസ്ഥാനത്തിലുള്ള സമിതിയും ഇതിന്റെ തുടര്‍ച്ചയായി രൂപീകരിക്കുന്നതാണ്. ജില്ലാ സമിതികളുടെ ചെയര്മാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, ജില്ലയിലെ ഒരു മുന്‍സിപ്പല്‍ ചെയര്മാന്, കോര്പ്പറേഷന് ഉണ്ടെങ്കില്‍ ഡെപ്യൂട്ടി മേയര്‍, എന്നിവര്‍ക്കു പുറമെ പരമാവധി രണ്ട് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. ഇതില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനോ, മുന്‍സിപ്പല്‍ ചെയര്‍മാനോ കണ്‍വീനറായിരിക്കും. കുറേ വിദഗ്ദരെ കൂടി ഉള്‍പ്പെടുത്തി സമിതികള്‍ വിപുലപ്പെടുത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
സാമൂഹ്യ ഓഡിറ്റിംഗ് നടപടിക്രമങ്ങളും ഇതോടൊപ്പം അംഗീകരിച്ചു. സമിതികളുടെ കാലാവധി മൂന്നു വര്‍ഷമായിരിക്കും. അവശ്യാനുസരണം യോഗം ചേരാവുന്നതാണെങ്കിലും മാസത്തില്‍ കുറഞ്ഞത് ഒരുതവണയെങ്കിലും യോഗം ചേരണം. ശ്രദ്ധയില്‍പ്പെടുന്ന പരാതികള്‍ പരിശോധിക്കുന്നതോടൊപ്പം പ്രത്യേക ഉത്തരവില്ലാതെ തന്നെ സമിതിക്കോ സമിതി ചുതലപ്പെടുത്തുന്ന അംഗത്തിനോ ജില്ലയിലെ പൊതുമരാമത്ത് നിര്‍മ്മാണങ്ങള്‍ ഏതു ഘട്ടത്തിലും പരിശോധിക്കാവുന്നതാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ദേശീയപാത, റോഡുകളും പാലങ്ങളും, കെട്ടിടങ്ങള്‍, വകുപ്പിന്റെ കീഴിലുള്ള കമ്പനികള്‍ വഴി നടത്തുന്ന പ്രവൃത്തികള്‍ എന്നിവയെല്ലാം പരിശോധന നടത്താവുന്നതാണ്. പരിശോധനയുമായി വകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ സഹകരണവും നല്‍കേണ്ടതാണ്. റിപ്പോര്‍ട്ട് തുടര്‍ നടപടിക്കായി സര്‍ക്കാരിനാണ് നേരിട്ട് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ അന്തിമ തീരുമാനം കൈകൊള്ളുന്നതിന് മുമ്പ് അത് പ്രസിദ്ധപ്പെടുത്താന്‍ പാടുള്ളതല്ലെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.