കണ്ണൂര്‍:പോലീസിനെതിരെ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗവുമായി കണ്ണൂര്‍ എംപി കെ.സുധാകരന്‍.പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ നിയമം കൈയ്യിലെടുക്കാന്‍ മടിക്കില്ലെന്ന് സുധാകരന്‍ വെല്ലുവിളിച്ചു. വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി നസീറിനെ ആക്രമിച്ച് കേസില്‍ ആരോപണ വിധേയനായ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസ സമരത്തിലാണ് സുധാകരന്‍ പോലീസിന് അന്ത്യശാസനം നല്‍കിയത്.
നസീര്‍ വധശ്രമക്കേസില്‍ വെറും ചട്ടുകങ്ങളെയല്ല പോലീസ് പിടിക്കേണ്ടത്.മറിച്ച് ഗൂഢാലോചന നടത്തിയവരെ പിടിക്കണം. നീതിയുടെ പ്രതിപുരുഷന്‍മാരായ കാക്കിയുടുപ്പിട്ടവര്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു.