തിരുവനന്തപുരം:പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയ സംഭവത്തില്‍ ഒരാള്‍ക്ക് സസ്പെന്ഷന്.പോസ്റ്റല്‍ ബാലറ്റുകള്‍ കരസ്ഥമാക്കാന്‍ ശ്രമിച്ച പൊലീസ് കമാന്‍ഡോ വൈശാഖിനെയാണ് സസ്പെന്‍ഡ് ചെയ്തത്.ജനപ്രാതിനിധ്യ നിയമപ്രകാരം വൈശാഖിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിച്ച വട്ടപ്പാറ സ്വദേശിയായ പൊലീസുകാരന് മണിക്കുട്ടനെതിരെയും മറ്റ് പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാവും.
മുഖ്യമന്ത്രിയുടെയും മറ്റും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വൈശാഖ് സഹപ്രവര്‍ത്തകരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ആവശ്യപ്പെട്ട് ശബ്ദ സന്ദേശം ശ്രീപത്മനാഭയെന്ന ഗ്രൂപ്പിലിട്ടത്. ഈ ശബ്ദരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സമഗ്രമായ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടത്. വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസിനാണ് കേസിന്റെ അന്വേഷണച്ചുമതല. പോസ്റ്റല്‍ ബാലറ്റിലെ തിരിമറിയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്പി സുദര്‍ശന്റെ നേതൃത്വത്തില്‍ നടക്കും. ഈ മാസം 15-നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം.
അതേസമയം പോലീസുകാരുടെ പോസ്റ്റല്വോട്ടിനായി സന്ദേശമയച്ച വാട്സ്ആപ്ഗ്രൂപ്പ് കേസെടുക്കും മുന്‍പ് ഡിലീറ്റ് ചെയ്യപ്പെട്ടു.