തിരുവല്ല: പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം ജനങ്ങളിൽ വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമെന്ന് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ.
സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശവുമായി വീടുകളിൽ തുണി സഞ്ചി സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു എപ്പിസ്കോപ്പ. ഭദ്രാസന സെക്രട്ടറി ഫാദർ റജി കെ.തമ്പാൻ അധ്യക്ഷത വഹിച്ചു.
പ്രകൃതിയെ സ്നേഹിക്കുവാനും സംരംക്ഷിക്കുവാനും ആഹ്വാനം ചെയ്യുന്നതോടൊപ്പം ഓരോ വീട്ടിലും പ്ലാസ്റ്റിക്കിനെതിരെ ബോധവത്ക്കരണം നടത്തുന്നതിന് തയ്യാറാക്കിയ ‘പ്ലാസ്റ്റിക്ക് ഉപേക്ഷിക്കൂ : മലിനീകരണം തടയൂ ‘ എന്ന ലഘുലേഖ ഭാരത സർക്കാർ സ്റ്റാൻഡിങ്ങ് കോൺസെൽ അഡ്വ. സ്റ്റീഫൻ ഐസക് പി.ആർ.ഒ :സിബി സാം തോട്ടത്തിന് നല്കി പ്രകാശനം ചെയ്തു.
പ്ലാസ്റ്റിക്ക് ബാഗിന് പകരം തുണി സഞ്ചി വീടുകളിൽ വിതരണം ചെയ്യുന്നതിനും വിവിധ കുടുംബങ്ങളിൽ നിന്നും ഫലവൃക്ഷതൈകകളും പച്ചക്കറി വിത്തുകളും ശേഖരിച്ച് പരസ്പരം പങ്കുവെച്ച് ജൈവകൃഷിയിലൂടെ അവശ്യമായ ഫലങ്ങളും പച്ചക്കറികളും ഉണ്ടാക്കുകയാണ് ‘ ഗ്രീൻ ക്ലബ് ‘ കൊണ്ട് ലക്ഷ്യമിടുന്നത്.
ഇടവക വികാരി ഫാദർ ഷിജു മാത്യു, ഡീക്കൻ ജയിംസ് ജോയി ,ഡീക്കൻ റോബിൻ പീറ്റർ, ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള , റവ. ഫാ. ശമുവേൽ മാത്യു , റവ. ഫാ. മനോജ് ചാക്കോ, റവ. ഫാ.ലിബീഷ് ജോർജ് ,റവ. ഫാ. ജോസഫ് ജോൺ, റവ. ഫാ. സജു തോമസ്, റവ.ഫാ.റോബിൻ.കെ. തമ്പി , കൺവീനർ അനീഷ് ജോൺ, പോൾ വർഗ്ഗീസ്, ഷിബു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.