കൂടല്ലൂര്‍:തമിഴ്നാട്ടിലെ കൂടല്ലൂരില്‍ പ്രണയാഭയര്‍ത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു.അധ്യാപികയായ രമ്യ(23)യെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജശേഖര്‍ (25) ആണ് ജീവനൊടുക്കിയത്.തോപ്പിയാങ്കുളം ഗ്രാമത്തിലെ കശുമാവ് പ്ലാന്റേഷനിലാണ് രാജശേഖരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യുകയാണെന്ന് സഹോദരിക്ക് ഇയാള്‍ സന്ദേശമയച്ചിരുന്നു.കൊലപാതകത്തിനു ശേഷം കാണാതായ രാജശേഖറിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വര്‍ഷങ്ങളായി രമ്യയെ പരിചയമുള്ള രാജശേഖര്‍ യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ നിരസിക്കുകയായിരുന്നു.തുടര്‍ന്ന് രാജശേഖര്‍ വിവാഹം നടത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് രമ്യയുടെ മാതാപിതാക്കളെ സമീപിച്ചെങ്കിലും അവരും ബന്ധത്തിന് തയ്യാറായില്ല.തുടര്‍ന്നാണ് രാജശേഖര്‍ രമ്യ ജോലി ചെയ്തിരുന്ന കുറിഞ്ഞിപ്പടിയിലെ സ്വകാര്യ സ്കൂളിലെത്തി വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തുകയും യുവതി നിരസിച്ചതോടെ പ്രകോപിതനായി ക്ലാസ് മുറിയിലിട്ട് വെട്ടിയും കഴുത്തറുത്തും കൊലപ്പെടുത്തുകയും ചെയ്തത്.
രമ്യയെ കൊലപ്പെടുത്തിയ അതേ ദിവസം തന്നെ രാജശേഖര്‍ ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന.