തിരുവനന്തപുരം:ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പജ്യോതി തെളിച്ചു.കാസര്‍കോട് നിന്നും കളിയിക്കാവിളവരെ പാതയോരത്ത് വൈകീട്ട് ആറ് മണിയോടെയാണ് അയ്യപ്പജ്യോതി സംഗമം തുടങ്ങിയത്.അയ്യപ്പ കര്‍മ്മ സമിതിയെക്കുടാതെ ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും എന്‍എസ്എസും അയ്യപ്പജ്യോതി പ്രതിഷേധത്തില്‍ പങ്കെടുത്തു.
കാസര്‍ഗോഡ് ഹൊസങ്കഡി അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാറി.സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം
ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി തെളിച്ചു.
ബി ജെ പിയുടെയും ശബരിമല കര്‍മ്മ സമിതി കന്യാകുമാരി ഘടകത്തിന്റെയും നേതൃത്വത്തല്‍ കളിയിക്കാവിള മുതല്‍ കന്യാകുമാരി വരെ 38 കേന്ദ്രങ്ങളില്‍ ജ്യോതി തെളിച്ചു.കളിയിക്കാവിളയില്‍ സുരേഷ് ഗോപിയും കിളിമാനൂരില്‍ ടി പി സെന്‍കുമാറുമാണ് ദീപം തെളിച്ചത്.സെക്രട്ടേറിയറ്റിന് മുന്നിലെ ബി ജെ പിയുടെ സമരപന്തലിനു മുന്നില്‍ ഒ രാജഗോപാല്‍ എംഎല്‍എ ആദ്യ തിരി തെളിച്ചു.ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അയ്യപ്പജ്യോതിക്ക് നേതൃത്വം നല്‍കി.
പന്തളത്ത് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ അയ്യപ്പജ്യോതിയ്ക്ക് നേതൃത്വം നല്‍കി.പന്തളത്തും പത്തനംതിട്ടയിലെ മറ്റ് പ്രദേശങ്ങളിലും എന്‍ എസ് എസ് പ്രവര്‍ത്തകര്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തു.ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തിന് മുന്നില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി രാമന്‍ നായര്‍ പെരുന്നയില്‍ ജ്യോതിക്ക് നേതൃത്വം നല്‍കി.
കോഴിക്കോട് അഞ്ച് കേന്ദ്രങ്ങളിലായി നടന്ന അയ്യപ്പജ്യോതി സംഗമത്തിന് സ്വാമി ചിതാനന്ദപുരി നേതൃത്വം നല്‍കി.അങ്കമാലിയില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി. പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ പങ്കെടുത്തു.തൃശൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയാണ് അയ്യപ്പജ്യോതിയ്ക്ക് നേതൃത്വം നല്‍കിയത്.