തിരുവനന്തപുരം:പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനു പറ്റിയ വീഴ്ചകള്‍ തുറന്നുകാട്ടി പ്രതിപക്ഷം.പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ നടക്കുന്ന ചര്‍ച്ചയിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വ്യാപകമായി പാളിച്ച പറ്റിയെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു.വ്യക്തതയില്ലാത്ത നവകേരള നിര്‍മ്മാണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്.
100 ദിവസമായിട്ടും അര്‍ഹര്‍ക്ക് സഹായം കിട്ടിയിട്ടില്ല.20 ശതമാനം പേര്‍ക്ക് ഇപ്പോഴും അടിയന്തിര സഹായമായ 10,000 രൂപപോലും കിട്ടിയിട്ടില്ല.രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍  അടക്കമുള്ളവര്‍ക്ക് പ്രഖ്യാപിച്ച തുക നല്‍കിയില്ല. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി പോലും നന്നാക്കിയിട്ടില്ല.വീട് നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക പരിഹാരം ഒരുക്കാനും സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകള്‍ക്ക് നഷ്ട പരിഹാരം നല്‍കിയിട്ടില്ല.ഗ്രാമീണ റോഡുകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല.കുടുംബശ്രീ ലോണ്‍ പോലും കൃത്യമായി കിട്ടുന്നില്ലെന്നും പ്രഖ്യാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.