കണ്ണൂര്‍:പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ്സ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.കേരള ഫോക്ലോര്‍ അക്കാദമി വൈസ് പ്രസിഡന്റാണ്.
തലശ്ശേരിക്കടുത്ത് എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം എരഞ്ഞോളി മൂസ ‘വലിയകത്ത് മൂസ’ എന്ന് അറിയപ്പെട്ടിരുന്നു. ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീതസംവിധായകനുമായ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടു വര്‍ഷം മൂസ സംഗീതം അഭ്യസിച്ചു.അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്ന ഗാനത്തോടെയാണ് അദ്ദേഹം സംഗീതലോകത്തേക്കിറങ്ങിയത്.ആയിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്.മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് പരിപാടി അവതരിപ്പിച്ചു.
കാപ്പിരിത്തുരുത്ത്, ഗ്രാമഫോണ്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഭാര്യ:കുഞ്ഞാമി.മക്കള്‍: നസീറ, നിസാര്‍, സാദിഖ്, നസീറ, സമീം,സാജിദ.