ഡൽഹി :പ്രണബ് മുഖർജി ഇത് വരെ പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ചു അഭിപ്രായം പറഞ്ഞിരുന്നില്ല .ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പരിപാടിയിൽ തന്നെയായി പ്രണബിന്റെ അഭിപ്രായപ്രകടനം എന്നത് ശ്രദ്ധേയമായി .ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) സംഘടിപ്പിച്ച ഇന്ത്യയിലെആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെന്നിന്റെ ആദ്യ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു മുഖർജി.ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കുന്നത് കേൾക്കുക, ആലോചിക്കുക, ചർച്ച ചെയ്യുക, വാദിക്കുക, വിയോജിക്കുക എന്നിവയിലൂടെയാണ് . രാജ്യത്തെ പിടിമുറുക്കിയ സമാധാനപരമായ ഇന്നത്തെ പ്രതിഷേധങ്ങൾ നമ്മുടെ ജനാധിപത്യ മൂല്യങ്ങളെ കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രണബ് പറഞ്ഞു .യുവാക്കൾ ഭരണഘടനയിൽ വിശ്വാസമർപ്പിച്ചു പ്രതിഷേധിക്കാനിറങ്ങുന്നതു കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു .
2019 ലെ പൗരത്വ (ഭേദഗതി) നിയമമോ സിഎഎയോ എന്ന വാക്ക് മുഖർജി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ബില്ലിനെതിരായ പ്രതിഷേധങ്ങൾ രാജ്യമെമ്പാടും നടക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പരാമർശം എന്നതിനാൽ കാര്യങ്ങൾ വ്യക്തമാണ്.