തിരുവനന്തപുരം:മണ്‍വിളയിലെ തീപിടുത്തത്തില്‍ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര സുരക്ഷാവീഴ്ചയുണ്ടായതായി കണ്ടെത്തല്‍.ഇന്നലെ തീപിടുത്തമുണ്ടായി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അധികൃതര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്.രണ്ടുദിവസം മുന്‍പ് ഇവിടെയുണ്ടായ തീപിടുത്തം അധികൃതര്‍ ഗൗരവമായി എടുക്കാത്തതും ഇപ്പോഴത്തെ വലിയ അപകടത്തിലേക്കെത്തിച്ചതായും കരുതുന്നു.അന്ന് ജീവനക്കാര്‍ തന്നെയാണ് തീയണച്ചത്.
തീപിടുത്തമുണ്ടായാല്‍ ഉപയോഗിക്കാനായി അഗ്‌നിശമന ഉപകരണങ്ങള്‍ മാത്രമാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. ഇവയില്‍ മിക്കവയും അടുത്തിടെ നടന്ന അഗ്‌നിബാധ ചെറുക്കാനായി ഉപയോഗിച്ചവയും ആയിരുന്നെന്നാണ് കണ്ടെത്തല്‍.മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഫാക്ടറിക്കു സുരക്ഷാ കാര്യത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായും ഫയര്‍ഫോഴ്‌സ് പറയുന്നു.തീപിടുത്തമുണ്ടാകുന്നതിനു മുന്‍പു തന്നെ ഫാക്ടറി കെട്ടിടം അപകടാവസ്ഥയിലായിരുന്നു.
ഫാക്ടറി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചതും തീ ആളിപ്പടരാന്‍ കാരണമായി.ഫാക്ടറിക്കുള്ളില്‍ ഉല്‍പന്നങ്ങള്‍ സൂക്ഷിക്കരുതെന്ന നിര്‍ദ്ദേശം അധികൃതര്‍ അവഗണിച്ചതായാണ് വ്യക്തമാകുന്നത്.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നാണ് സൂചനകള്‍.
അതേസമയം തീപിടുത്തത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.മേലിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.
അഗ്‌നിബാധയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രന്‍ വ്യക്തമാക്കി.ഇതിന് വിദഗ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം വിശദമാക്കി.ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി വിവരം ശേഖരിക്കും.