തിരുവനന്തപുരം:മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് യൂണിറ്റിലുണ്ടായ വന്‍ അഗ്നിബാധ അട്ടിമറിയെന്ന് സൂചന.സംഭവത്തില്‍ രണ്ടു ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഫാക്ടറി അധികൃതര്‍ സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന് പോലീസിനോട് പറഞ്ഞിരുന്നെങ്കിലും പ്രാഥമിക അന്വേണത്തില്‍ അട്ടിമറി സാധ്യത പോലീസ് തള്ളിക്കളഞ്ഞിരുന്നു.എന്നാല്‍ കഴിഞ്ഞദിവസം സിസിടിവി ദൃശ്യങ്ങളടക്കമുള്ള ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതോടെയാണ്  അട്ടിമറിയാണെന്ന സംശയം ബലപ്പെട്ടത്.                                                                                                           ചിറയിന്‍കീഴ്,കഴക്കൂട്ടം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്.ഏതാനും മാസങ്ങള്‍ക്ക് ഇവരുടെ ശമ്പളത്തില്‍ നിന്നും കമ്പനി 3000 രൂപ വെട്ടിക്കുറച്ചിരുന്നു.തുടര്‍ന്ന് ഇവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിലൊരാള്‍ കടയില്‍നിന്ന് ലൈറ്റര്‍ വാങ്ങിയെന്നാണ് സൂചന. പ്ലാസ്റ്റിക് കൂട്ടിയിട്ട സ്ഥലത്ത് ഇവരെ കണ്ടിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയില്‍ ആണ് ഇവരെക്കുറിച്ചുള്ള സംശയം അന്വേഷണ സംഘത്തിനുണ്ടായത്.തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.
കൂടാതെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിട്ട മൂന്ന് പേരെയും അപകട ദിവസം ഗോഡൗണിന്റെ പരിസരത്ത് കണ്ടതായും സൂചനയുണ്ട്.ഫോറന്‍സിക് പരിശോധനാഫലങ്ങള്‍ ലഭിച്ചാല്‍ മാത്രമേ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കുകയുള്ളു.