തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് തമിഴ്നാട് ആന്ധ്ര തീരത്ത് നിന്ന് അകലുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക് കിഴക്കന്‍ ദിശയിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്.എന്നാല്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരുകയാണ്.
ഫോനി ചുഴലിക്കാറ്റ് അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ അതി തീവ്രചുഴലിക്കാറ്റാകുമെന്നും തുടര്‍ന്ന് ബംഗ്ലാദേശ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.കേരളതീരത്ത് ഫാനിയുടെ സാന്നിധ്യമില്ലെങ്കിലും കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും.മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും.പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനു പോയവര്‍ തിരിച്ചുവരണമെന്ന് കഴിഞ്ഞദിവസം തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.