കൊച്ചി:ബലാത്സംഗക്കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ ഫാ.അഗസ്റ്റിന്‍ വട്ടോളിക്കെതിരെ പ്രതികാരനടപടിയുമായി സഭാനേതൃത്വം
.സഭാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഫാ.അഗസ്റ്റിന് എറണാകുളം അങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ജേക്കബ് മാനത്തോടത്ത് നോട്ടീസ് നല്‍കി.കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി രൂപീകരിച്ച സേവ് ഔവര്‍ സിസ്റ്റേഴ്‌സ് (എസ്.ഒ.എസ്) സംഘടനയുടെ കണ്‍വീനറാണ് ഫാ.അഗസ്റ്റിന്‍.
ഈമാസം 14 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്.ഒ.എസ് നടത്തിയ ധര്‍ണ സഭയെ അവഹേളിക്കുന്നതും വിശ്വാസത്തെ ഹനിക്കുന്നതുമാണ്. അത്തരം പരിപാടികളില്‍ പങ്കെടുക്കരുതെന്നും അനുസരിക്കാതിരുന്നാല്‍ സഭാനിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
കുര്‍ബാന അര്‍പ്പിക്കുന്നത് വല്ലപ്പോഴുമാണ്. സഭാ ശുശ്രൂഷകള്‍ നിത്യവും നിര്‍വഹിക്കുന്നില്ല. ശുശ്രൂഷകളില്‍ വൈദികര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് പരാമര്‍ശിക്കാറില്ല. പിയാത്ത ശില്പത്തില്‍ മേരി മാതാവിനൊപ്പം യേശുവിന്റെ രൂപം ഉപയോഗിക്കേണ്ടതിന് പകരം കന്യാസ്ത്രീ രൂപം ചേര്‍ത്തത് ധര്‍ണയില്‍ പ്രദര്‍ശിപ്പിച്ചത് കുറ്റമാണ്. തൃപ്തികരമായ വിശദീകരണം രേഖാമൂലം 25നകം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കും എന്നും നോട്ടീസില്‍ പറയുന്നു.                അതേസമയം സമൂഹത്തില്‍ ഏതൊരു നീതി നിഷേധത്തിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഫാ.അഗസ്റ്റിന്‍ വട്ടോലിക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്നും എറണാകുളം-അങ്കമാലി അതിരൂപത നേതൃത്വം പിന്മാറണമെന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ചേര്‍ന്ന് രൂപീകരിച്ചിരിക്കുന്ന ആര്‍ച് ഡയോഷ്യന്‍ മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) നേതാക്കള്‍ പറഞ്ഞു. ഫാ.അഗസ്റ്റിന്‍ വട്ടോലിയെ കുടുക്കാനാണ് അതിരൂപത നേതൃത്വം ശ്രമിക്കുന്നത്. ഇതില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ എഎംടിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കേരള സമൂഹമവും അല്‍മായരും ഫാ.അഗസ്റ്റിന്‍ വട്ടോലിക്കൊപ്പമുണ്ടാകുമെന്നും എഎംടി നേതാക്കള്‍ പറഞ്ഞു.