അഹമ്മദാബാദ്:ബലാക്കോട്ടില്‍ ഭീകരരുടെ താവളത്തിലേക്ക് ഇന്ത്യ നടത്തിയ ആക്രമണം സംബന്ധിച്ച് വിദേശമാധ്യമങ്ങളടക്കം പല സംശയങ്ങളും ഉയര്‍ത്തുമ്പോള്‍ മരിച്ച ഭീകരരുടെ കണക്കുമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ രംഗത്തെത്തിയിരിക്കുകയാണ്. ബാലാകോട്ട് ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് അമിത് ഷാ അഹമ്മദാബാദില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞത്.ഇതുവരെ ഇന്ത്യ മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അമിത്ഷാ നടത്തിയ വെളിപ്പെടുത്തലിനെതിരെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു.ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ കയറി മിന്നലാക്രമണം നടത്തി. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പാകിസ്ഥാനില്‍ കയറി ഇന്ത്യന്‍ വ്യോമസേന ബാലാകോട്ടില്‍ 250 ഭീകരരെ വധിച്ചു.ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചു വരികയും ചെയ്തു.നേരത്തെ നമ്മുടെ ജവാന്മാരുടെ തലയറുത്തിരുന്നു പാകിസ്ഥാന്. ഇപ്പോള്‍ നമ്മുടെ അതിര്‍ത്തി കടന്ന് വന്ന പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് അധീന കശ്മീരില്‍ പെട്ടുപോയ നമ്മുടെ ജവാനെ 30 മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചു കിട്ടി.” എന്നും അമിത് ഷാ പറയുന്നു.
എയര്‍ വൈസ് മാര്‍ഷല്‍ തന്നെ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പറയാനാകില്ലെന്ന് പറയുമ്പോള്‍ അമിത് ഷായ്ക്ക് മാത്രം ഈ കണക്ക് എവിടെ നിന്ന് കിട്ടിയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു.മിന്നലാക്രമണത്തില്‍ 350 പേര് കൊല്ലപ്പെട്ടുവെന്ന് പ്രചരിപ്പിച്ചതാരാണെന്ന് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം ചോദിച്ചു.സര്‍ക്കാര്‍ ഇക്കാര്യം ലോക രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചിദംബരം പറഞ്ഞു.
ബലാക്കോട്ടിലെ ആക്രമണത്തെക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ബലാകോട്ടില്‍ 300 തീവ്രവാദികള്‍ മരിച്ചെന്ന് നരേന്ദ്രമോദി നിങ്ങളോട് പറഞ്ഞോ എന്നാണ് കേന്ദ്രമന്ത്രി എസ് എച്ച് അലുവാലിയ ചോദിച്ചത്.