തിരുവനന്തപുരം:വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.ബാല ഭാസ്‌കറിന്റെ അച്ഛന്‍ സി.കെ.ഉണ്ണി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന സികെ ഉണ്ണി ഒരു ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു.
ബാലഭാസ്‌കറിന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നും മകന്റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തിലാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാമെന്നുമാണ് സി കെ ഉണ്ണി പറഞ്ഞത്. പാലക്കാട്ടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിനു പണമിടപാടുകള്‍ ഉണ്ടായിരുന്നതായും സികെ ഉണ്ണി വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ഇടപാടുകളില്‍ ദുരൂഹതയില്ലെന്നും എല്ലാത്തിന്റേയും രേഖകള്‍ പരിശോധിച്ചെന്നുമാണ് പോലീസ് പറഞ്ഞത്.
അതേസമയം അപകട സമയത്ത് വാഹനമോടിച്ചത് ആരാണെന്ന് ഇതുവരെ അറിയാനായിട്ടില്ല.ബാലഭാസ്‌കറാണ് കാറോടിച്ചതെന്നാണ്
ഡ്രൈവര്‍ അര്‍ജുനും സാക്ഷികളും പോലീസില്‍ മൊഴി നല്‍കിയത്.എന്നാല്‍
അപകട സമയത്ത് അര്‍ജുനാണ് കാറോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത്.