കണ്ണൂര്‍:ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനു മറുപടിയുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍.മുഖ്യമന്ത്രി അപ്പനില്ലാത്ത വര്‍ത്തമാനം പറയരുതെന്നായിരുന്നു സുധാകരന്റെ പ്രതികരണം.തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ വന്ന് കണ്ടിരുന്നു.എന്നാല്‍ അങ്ങനെ ഒരു ചിന്ത പോലും തനിക്കില്ല, രാഷ്ട്രീയം നിര്‍ത്തിയാലും കൊണ്‍ഗ്രസില്‍ നിന്നു വേറെ ഒരിടത്തും പോകില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് കണ്ണൂരിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിരുന്നു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി അഭാസത്തരം വിളിച്ചു പറഞ്ഞു.എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.ശബരിമലയില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതെല്ലാം പച്ച നുണയാണ്.വോട്ട് ലക്ഷ്യമാക്കിയുള്ള മുതലെടുപ്പ് ആണ് നടക്കുന്നത്.ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കേസ് നല്‍കിയവരെല്ലാം ആര്‍.എസ്.എസ് ബന്ധമുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.ഏകീകൃത സിവില്‍ കോഡാണ് അവരുടെ ലക്ഷ്യം എന്നും സുധാകരന്‍ പറഞ്ഞു.തന്ത്രിമാരാണ് വിശ്വാസത്തിന്റെ പരമാധികാരികള്‍.തന്ത്രി വിളിച്ചു എന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞത് മേനി നടിക്കലാണെന്നും സുധാകരന്‍ പരിഹസിച്ചു.