ചെന്നെ:’ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചതിന് ഗവേഷക വിദ്യാര്‍ത്ഥിനിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു.തൂത്തുക്കുടി സ്വദേശിനി ലോയിസ് സോഫിയയെയാണ് ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസെയ് സൗന്ദരരാജന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.സോഫിയയെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ക്യാനഡയിലെ മോണ്ട്രിയല്‍ സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ലോയിസ് സോഫിയ ചെന്നെയില്‍ നിന്ന് തൂത്തുക്കുടിക്ക് വിമാനത്തില്‍ പോകവേ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിള്‍സായി സൗന്ദരരാജന് പുറകിലിരുന്ന് ‘ബിജെപിയുടെ ഭരണകൂട ഫാസിസം തുലയട്ടെ’ എന്ന മുദ്യാവാക്യം വിളിച്ചു.പ്രകോപിതയായ തമിഴിസൈ പൊലീസിനു പരാതി നല്‍കുകയായിരുന്നു.വിമാനത്താവളത്തില്‍ തമിഴിസൈയും കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും സോഫിയയുമായി വാക്കുതര്‍ക്കവുമുണ്ടായി.മാപ്പു പറയണമെന്ന തമിഴിസൈയുടെ ആവശ്യം സോഫിയ അംഗീകരിച്ചില്ല.സോഫിയ ഭീകര സംഘടനയിലെ അംഗമാണെന്നും തമിള്‍സായി ആരോപിച്ചു.പെണ്‍കുട്ടിയോട് സൗമ്യമായി പെരുമാറാന്‍ സഹയാത്രികര്‍ പറഞ്ഞെങ്കിലും ബിജെപിക്കാര്‍ വിദ്യാര്‍ത്ഥിനിക്കെതിരെ തട്ടിക്കയറുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെക്ഷന്‍ 505(1)(യ), 290, ഐപിസി സെക്ഷന്‍ 75(1)(ര) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ലോയിസ് സോഫിയയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.എന്നാല്‍ ലോയിസ് സോഫിയ്ക്ക് വേണ്ടി പരാതി കൊടുക്കാന്‍ ചെന്നിട്ട് പോലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഡോ.സ്വാമി പറഞ്ഞു.തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായും ചെന്നൈ -സേലം എട്ടുവരിപ്പാതയ്‌ക്കെതിരായും ലോയിസ് സോഫിയ നിരന്തരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു.
അതേസമയം ലോയിസ് സോഫിയയ്‌ക്കെതിരായ നടപടിയില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയരുകയാണ്.ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനമെങ്കില്‍ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പറഞ്ഞു.കേസ് അഭിപ്രായ സ്വാതന്ത്രത്തിനെതിരായ നടപടിയാണെന്നും സോഫിയയെ എത്രയും പെട്ടെന്ന് പുറത്ത് വിടണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.ബിജെപി പ്രവര്‍ത്തകര്‍ മോശമായ ഭാഷയില്‍ സോഫിയയെ അപമാനിച്ചെന്നും പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ നിത്യാനന്ദ ജയരാമന്‍ ആരോപിച്ചു.