അഹമ്മദാബാദ്: ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍ രംഗത്ത്. ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തി. വാര്‍ത്താസമ്മേളനം വിളിച്ച് ഇക്കാര്യം വെളിപ്പെടുത്തിയ നരേന്ദ്ര തനിക്ക് അഡ്വാന്‍സായി ലഭിച്ച പത്ത് ലക്ഷം രൂപയുടെ നോട്ടുകെട്ടുകളും പ്രദര്‍ശിപ്പിച്ചു.

നാടകീയ നീക്കങ്ങള്‍ക്കൊപ്പമായിരുന്നു പട്ടേലിന്റെ വെളിപ്പെടുത്തല്‍. ഞായറാഴ്ച വൈകുന്നേരം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രാത്രിയോടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത പട്ടേല്‍ ബിജെപി തനിക്ക് പണം വാഗ്ദാനം ചെയ്തതായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. ഒരു കോടി രൂപയാണ് ബിജെപിയിലേക്ക് ചേരാന്‍ നരേന്ദ്ര പട്ടേലിന് ലഭിച്ച ഓഫര്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയാകാനാണ് സാധ്യത.

ബാക്കി 90 ലക്ഷംരൂപ തിങ്കളാളഴ്ച നല്‍കാമെന്നാണ് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നതെന്ന് നരേന്ദ്ര പറഞ്ഞു. തന്നെ ബിജെപിയില്‍ ചേര്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് വരുണ്‍ ആണെന്ന് നരേന്ദ്ര പറഞ്ഞു. എന്നാല്‍ റിസര്‍വ് ബാങ്ക് തന്നെ തന്നാലും ബിജെപിക്ക് എന്നെ വിലയ്ക്കെടുക്കാനാകില്ല. വരുണ്‍ പട്ടേലിനെയും ബിജെപിയേയും ജനമധ്യത്തില്‍ തുറന്നുുകാണിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതും പണം സ്വീകരിച്ചതും. നരേന്ദ്ര പട്ടേല്‍ പറഞ്ഞു.

ഏറെ ശ്രദ്ധയാകര്‍ഷിച്ച പട്ടേല്‍ പ്രക്ഷോഭത്തില്‍ ഹാര്‍ദ്ദിക് പട്ടേലിനൊപ്പം മുന്‍ നിരയില്‍ ഉണ്ടായിരുന്ന ആളായിരുന്നു നരേന്ദ്ര പട്ടേല്‍. ഇവരോടൊപ്പം പ്രവര്‍ത്തിച്ച വരുണ്‍ പട്ടേലും ഇന്നലെ ബിജെപിയിലേക്ക് മാറിയിരുന്നു. വരുണ്‍ മുഖേനയാണ് തനിക്ക് ബിജെപി പണം വാഗ്ദാനം ചെയ്തതെന്നും ആ രീതിയില്‍ പത്ത് ലക്ഷം രൂപ അഡ്വാന്‍സ് ലഭിച്ചെന്നും നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തി. എന്നാല്‍ തന്നെ വിലയ്ക്കെടുക്കാന്‍ കഴിയില്ല. ബിജെപിയുടെ ഇത്തരം ചെയ്തികള്‍ വെളിച്ചത്തുകൊണ്ടുവരാനാണ് താന്‍ പണം വാങ്ങിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ബിജെപി ഇതിനോട് പ്രതികരിച്ചിട്ടില്ല.