തൃശൂര്‍:ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തിയ നിരാഹാര സമരത്തെച്ചൊല്ലി ബിജെപി കോര്‍ കമ്മറ്റിയില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം.യോഗത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയത മറനീക്കി പുറത്തുവരികയും ചെയ്തു.നിരാഹാര സമരം അനാവശ്യമായിരുന്നെന്നും ഇത് ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്നും മുരളീധരപക്ഷം വിമര്‍ശനമുന്നയിച്ചു.എന്നാല്‍ ഇത് ശ്രീധരന് പിള്ള പക്ഷത്തെ ചൊടിപ്പിച്ചു.സമരം വന്‍ വിജയമായിരുന്നെന്ന് ശ്രീധരന്‍പിള്ള പക്ഷം പറഞ്ഞു.ശബരിമല സമരത്തില്‍ ഒരു വിഭാഗം നേതാക്കള്‍ നിസഹകരിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
സെക്രട്ടേറിയറ്റിനു മുന്നിലെ നിരാഹാര സമരത്തില്‍ ആദ്യം മുന്‍നിര നേതാക്കള്‍ പങ്കെടുത്തെങ്കിലും ഒടുവില്‍ നിരാഹാരമേറ്റെടുക്കാന് ആളില്ലാത്ത അവസ്ഥയായിരുന്നു.സമരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസങ്ങളും വിമര്ശനങ്ങളുമുയരുകയും ചെയ്തിരുന്നു.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ 8 സീറ്റ് ആവശ്യപ്പെട്ട ബിഡിജെഎസിനെയും യോഗം രൂക്ഷമായി വിമര്‍ശിച്ചു.8 സീറ്റ് ചോദിച്ചത് അധികപ്രസംഗമാണെന്നും ഇത്ര സീറ്റില്‍ മത്സരിക്കാനുള്ള ആളുണ്ടോയെന്നുമാണ് അംഗങ്ങള്‍ വിമര്‍ശിച്ചത്.തുടര്‍ന്ന് ബിഡിജെഎസിന് നാല് സീറ്റ് നല്‍കാനും തീരുമാനമായി.