തിരുവനന്തപുരം: മകന്‍ ബിനോയിക്കെതിരായ പീഡനപരാതി വ്യക്തിപരമെന്നും പാര്‍ട്ടി ഇടപെടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കുറ്റാരോപിതനായ വ്യക്തിയെ പാര്‍ട്ടി സംരക്ഷിക്കുകയില്ല.കേസ് ബിനോയി ഒറ്റക്ക് നേരിടണമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി വ്യക്തമാക്കി.
ബിനോയ് എവിടെയാണെന്നറിയില്ല.കണ്ടിട്ട് ഒരു പാടു ദിവസമായി. ആയുര്‍വേദ ചികിത്സയിലായിരുന്നു താന്‍. അവിടെ ഒരു ദിവസം വന്ന് കണ്ടിരുന്നു.ബിനോയ് പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. പ്രത്യേകം കുടുംബമായാണ് താമസിക്കുന്നത്. നിയമപരമായി കേസ് നേരിടാന്‍ മകന്‍ തയ്യാറായിട്ടുണ്ട്.കോടിയേരി പറഞ്ഞു.
മക്കള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാത്തിലും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല എന്ന് നേരത്തെ ബിനോയിക്കെതിരെ ആരോപണം വന്നപ്പോള്‍ താന്‍ പറഞ്ഞിരുന്നു. മക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ വരുന്ന പ്രശ്നങ്ങള്‍ അവര്‍ തന്നെ നേരിടേണ്ടി വരും.പാര്‍ട്ടിയോ മറ്റാരെങ്കിലുമോ സംരക്ഷിക്കും എന്ന ധാരണയില്‍ ആരും തെറ്റുകള്‍ ചെയ്യാന്‍ തുനിയേണ്ടെന്നും കോടിയേരി പറഞ്ഞു.
കേസായപ്പോഴാണ് ഈ വിവരം അറിഞ്ഞതെന്നും അതിനു മുന്‍പ് യുവതിയുമായോ കുടുംബവുമായോ സംസാരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.താന്‍ പദവി രാജിവെക്കുമെന്ന് വരുന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമാണ്.പാര്‍ട്ടിയുടെ നിലപാട് യച്ചൂരി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.