മുംബൈ/കണ്ണൂര്‍:വിവാഹ വാഗ്ദാനം നല്‍കി ബീഹാര്‍ സ്വദേശിനിയെ പീഡിപ്പിച്ച് കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. നിലവില്‍ ബിനോയ് കോടിയേരി ഒളിവിലാണ്. രണ്ടു ഫോണും സ്വിച്ച് ഓഫാണ്.കഴിഞ്ഞ ദിവസം മുംബൈ ഓഷിവാരാ പോലീസ് കണ്ണൂരിലെത്തിയിരുന്നു. എന്നാല്‍ ബിനോയ് വീട്ടിലുണ്ടായിരുന്നില്ല.ഓഷിവാരാ പോലീസ് മൊഴിയെടുപ്പിനു ഹാജരാകാനുള്ള നോട്ടീസ് കുടുംബത്തെ ഏല്‍പ്പിച്ചാണ് മടങ്ങിയത്.ബിനോയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് മുംബൈയില്‍നിന്നെത്തിയ പോലീസ് സംഘം ബിനോയിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാനായിരുന്നു എത്തിയത്.ബിനോയ് കോടിയേരി രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.ബിനോയ് മുംബൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് സൂചനകളുണ്ട്. ബിനോയ് മുംബൈയിലെ ഫ്‌ളാറ്റിലും പല ഹോട്ടലുകളിലും യുവതിക്കൊപ്പം താമസിച്ചതിന്റെ കൃത്യമായ തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ് പറയുന്നു. ഇവര്‍ തമ്മിലുള്ള വാട്‌സാപ്പ് സന്ദേശങ്ങളും ഫോട്ടോകളും മറ്റു തെളിവുകളും യുവതി പോലീസിന് നല്‍കിയിരുന്നു.