വാഷിംഗ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകള്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ പുറത്ത് വിട്ടു. കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ലാദന്റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വിട്ടത്.

രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള വിവരങ്ങള്‍ സിഐഎയുടെ പക്കലുണ്ടെന്നും എന്നാല്‍ ഇവയൊന്നും ഉടന്‍ പുറത്തുവിടില്ലെന്നുമാണ് വിവരങ്ങള്‍. 2011ല്‍ ലാദന്‍ അറബ് കലാപത്തിന് ആഹ്വനം ചെയ്തതിന്റെയും ലാദന്റെ മൂത്തമകന്റെ വിവാഹത്തിന്റെയും വിവരങ്ങള്‍ സിഐഎ പുറത്ത് വിട്ടു.

ലാദന്‍ ഇറാനുമായുണ്ടാക്കിയെന്ന് പറയപ്പെടുന്ന ചില ധാരണകള്‍ സംബന്ധിച്ചും വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടത് സംബന്ധിച്ചുമെല്ലാം സിഐഎയുടെ പക്കലുണ്ട്. എന്നാല്‍ ഇത്തരം സുപ്രധാന നീക്കങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.
അമേരിക്കന്‍ ജനതയ്ക്ക് ഇത്തരം ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങളും പദ്ധതികലും സംബന്ധിച്ച് ധാരണകള്‍ ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ടതെന്ന് സിഐഎ തലവന്‍ മൈക്ക് പോംപിയോ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ഒഴിച്ച് ഇത്തരത്തില്‍ ലാദനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പിന്നീച് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു