കോട്ടയം:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍.ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് ജലന്ധറിനടുത്ത് ദസ്വയിലെ ചാപ്പലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വൈദികന്റെ സഹോദരന് ജോയ് ആരോപിച്ചു.
മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.കന്യാസ്ത്രീക്കും കൂടെ നില്‍ക്കുന്നവര്‍ക്കും സംരക്ഷണം വേണമെന്നും കത്തില്‍ പറയുന്നു.ബിഷപ്പിനെതിരായ കേസ് പരിഗണിക്കാന്‍ പ്രത്യേക കോടതി വേണമെന്നും എസ്ഒഎസ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കുര്യാക്കോസ് കാട്ടുതറയെ ഫ്രാങ്കോമുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന് പറഞ്ഞു.വൈദികന്റെ വാഹനവും വീടും ആക്രമിച്ചതിനു പിന്നില്‍ ഫ്രാങ്കോയാണെന്നും സഹോദരന് പറഞ്ഞു.പോസ്റ്റ്മോര്‍ട്ടം ആലപ്പുഴയില്‍ നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ജലന്ധറിനടുത്ത് ദസ്വ എന്നയിടത്തെ ചാപ്പലിലാണ് വൈദികന് താമസിച്ചിരുന്നത്. വൈദികന്റെ മുറി അടച്ചിട്ട നിലയിലായിരുന്നു.രാവിലെയായിട്ടും വൈദികന് മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് മറ്റുള്ളവരെത്തി.പല തവണ വിളിച്ചിട്ടും തുറക്കാതിരുന്നപ്പോള്‍ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. തുടര്‍ന്നാണ് ഫാ.കുര്യാക്കോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ.കുര്യാക്കോസ് കാട്ടുതറ പരാതി നല്‍കിയിരുന്നു. കന്യാസ്ത്രീയ്ക്ക് നീതി വേണമെന്നും ബിഷപ്പ് ഫ്രാങ്കോയെ അന്വേഷണവിധേയമായി മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് വത്തിക്കാനും മാര്‍പാപ്പയ്ക്കും പരാതി നല്കിയവരിലും ഫാദര്‍ കുര്യാക്കോസ് ഉണ്ടായിരുന്നു.കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച തനിക്ക് ഭീഷണിയുണ്ടായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.