മുംബൈ :കുറച്ചു ദിവസമായി അങ്ങേയറ്റം നിശബ്ദമായിരുന്നു  ബി ജെ പി പാളയം.പുലർച്ചെ നടന്ന നാടകീയ നീക്കങ്ങൾ രാഷ്ട്രീയ എതിരാളികളെ എല്ലാം  അമ്പരപ്പിച്ചു .രാവിലെ എട്ടുമണിയോടെ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .’പൊതു മിനിമം പരിപാടി ‘ തയ്യാറാക്കി തളർന്ന കോൺഗ്രസ് നേതൃത്വം കൂടുതൽ തളർന്നു .പവാറിനെ കുറ്റപ്പെടുത്തിയുള്ള ചില കോൺഗ്രസ്  നേതാക്കന്മാരുടെ പ്രസ്താവന പിന്നാലെ  വന്നു . ശിവസേന നേതൃത്വവും അമ്പരപ്പിലായിരുന്നു .ആശയക്കുഴപ്പം നീങ്ങുന്ന പ്രസ്താവന എൻ സി പി യുടെ  ഭാഗത്തു നിന്നും ഉണ്ടാകുന്നതുവരെ സർവ്വത്ര ആശയക്കുഴപ്പമായിരുന്നു  .ശരദ് പവാറിന് ഇപ്പോൾ നടന്ന അട്ടിമറിയിൽ പങ്കില്ല എന്നത്  സേനയ്ക്കും കോൺഗ്രസിനും ആശ്വാസമായി .രാഷ്ട്രീയ കുതിരക്കച്ചവടത്തിനു ബി ജെ പി ഇറങ്ങി എന്ന് വ്യക്തമായതോടെ തങ്ങളുടെ എം എൽ എ മാരെ നിലനിർത്താനായി മറ്റു പാർട്ടികളുടെ ശ്രമങ്ങൾ . ശിവസേന തങ്ങളുടെ എം എൽ എ മാരെയെല്ലാം മുംബൈയിലെ ലളിത് ഹോട്ടലിൽ ആക്കിയിരിക്കുകയാണ്. തങ്ങളുടെ എം എൽ എ മാരെ  ചാക്കിടാൻ വന്നാൽ ആക്രമിക്കുമെന്ന് സേനയുടെ  ചില പ്രാദേശിക നേതാക്കന്മാർ പ്രസ്താവനയുമിറക്കി . ബി ജെ പി സ്വാഭാവികമായും ഉന്നം വയ്ക്കുന്നത് കോൺഗ്രസ് ,എൻ സി പി , സ്വതന്ത്രർ എന്നിവരെ ആയിരിക്കും .കോൺഗ്രസ് തങ്ങളുടെ എം എൽ എ മാരെ മധ്യപ്രദേശിലെ റിസോർട്ടിലെത്തിക്കാൻ തീരുമാനമുണ്ട് . എന്നാൽ എം എൽ എ മാരെയെല്ലാം ഗവർണറുടെ മുൻപിൽ അണിനിരത്താനും കോൺഗ്രസ് ആലോചിക്കുന്നു .അതിനായി എൻ സി പി ,സേന നേതൃത്വവുമായി ചർച്ചയിലാണ് കോൺഗ്രസ് .ഒരുമിച്ച് സുപ്രീം കോടതിയിലേക്ക് പോകാം എന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടിട്ടുണ്ട് .രാഷ്‌ട്രപതി ഭരണം എങ്ങനെ അവസാനിച്ചു ?കേന്ദ്ര മന്ത്രിസഭായോഗം കൂടാതെ എങ്ങനെ രാഷ്‌ട്രപതി ഭരണം നീക്കാൻ കഴിഞ്ഞു എന്നൊക്കെ കോൺഗ്രസ് ചോദിക്കുന്നുണ്ട് . 

എൻ സി പി യിൽ ദീർഘകാലമായി തർക്കം നിലനിൽക്കുകയായിരുന്നു .പവാറിന് ശേഷം ഉള്ള രാഷ്ട്രീയ പിന്തുടർച്ച അജിത് പവാർ ആഗ്രഹിച്ചിരുന്നു .എന്നാൽ   മകൾ സുപ്രിയ സുലേക്കാണ് പവാറിന്റെ പിന്തുണ എന്നത് അനന്തിരവൻ അജിത്തിനെ നിരാശനാക്കിയിരുന്നു . ഈ അതൃപ്തി മുതലെടുത്താണ് ബി ജെ പി അജിത്തിന് വേണ്ടി ചൂണ്ടയെറിഞ്ഞത് . അജിത് കൃത്യമായി ചെന്ന് വീഴുകയും ചെയ്തു . എന്നാൽ ബി ജെ പി കരുതുന്ന അത്ര എം എൽ എ മാരൊന്നും അജിത്തിന്റെ കയ്യിലില്ല എന്നതാണ് സത്യം .മുപ്പതിലേറെ എം എൽ എ മാർ അജിത്തിനെ പിന്തുണയ്ക്കുന്നു എന്നതാണ് ബി ജെ പി പ്രചാരണം .പക്ഷെ ശരദ് പവാർ എന്ന രാഷ്ട്രീയ തന്ത്രജ്ഞനെ മഹാരാഷ്ട്രയിലെങ്കിലും എഴുതിത്തള്ളാൻ ആർക്കുമാകില്ല .എം എൽ എ മാരെ നിലനിർത്താനും മറിക്കാനും  ഉള്ള പവാറിന്റെ കഴിവിൽ ആർക്കും സംശയമില്ല .എൻ സി പി  എം എൽ എ മാരിലും പാർട്ടി അണികളിലും കൂടുതൽ സ്വാധീനം ചൊലുത്തുന്നതും ശരദ് പവാർ തന്നെയാണ് .  അവസാനം ലഭിക്കുന്ന വിവരമനുസരിച്ച് മലക്കം മറിഞ്ഞ ഒൻപതു പേരിൽ ഏഴുപേരെ എൻ സി പി യിലേക്ക്  തിരിച്ചെത്തിച്ചു കഴിഞ്ഞു.