നാദാപുരം: മോദി – പിണറായി കൂട്ടുകെട്ടിന്റെ ഭരണകൂട ഏജന്റാണ് പോലീസ് മേധാവി ലോകനാഥ് ബെഹ്റ എന്നും അതിനാലാണ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിന് പിണറായി സർക്കാർ കേന്ദ്ര മന്ത്രിസഭയുടെ പ്രശംസ പിടിച്ച് പറ്റിയതെന്നും കെ.മുരളീധരൻ എം പി അഭിപ്രായപ്പെട്ടു. തങ്ങളുടെ എതിരാളികളായ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന് തീർക്കാൻ ഈ സഖ്യം മിനക്കെടുമ്പോൾ മാവോയിസ്റ്റുകളുടെ പേറ്റന്റ് ഏറ്റെടുക്കാനാണ് കോഴിക്കോട് ജില്ലാ സി പി എം നേതൃത്വം ശ്രമിച്ചതെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. പോലീസിന്റെ തലപ്പത്തുള്ള പലരും പിണറായിയെ ചവിട്ടി തുടങ്ങിയെന്നും ഒന്നര വർഷം കൂടി കഴിയുമ്പോഴേക്കും അവർ തന്നെ ഈ സർക്കാരിന്റെ പൂർണ്ണ പതനത്തിന് വഴിയൊരുക്കുമെന്നും മുരളീധരൻ പറഞ്ഞു.“വാളയാറും മാവോയിസവും: രണ്ടും സി പി എം ഭീകരതകൾ ” എന്ന മുദ്രാവാക്യവുമായി നാദാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാദാപുരത്ത് സംഘടിപ്പിച്ച “പ്രതിരോധ മനസ്സ് ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.എം.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.കെ പി സി സി സെക്രട്ടറി അഡ്വ.കെ.പ്രവീൺ കുമാർ, സി.വി.കുഞ്ഞികൃഷ്ണൻ, മോഹനൻപാറക്കടവ്, അഡ്വ.പ്രമോദ് കക്കട്ടിൽ, അഡ്വ.എ.സജീവൻ, വി.കെ.രജീഷ്, അനസ് നങ്ങാണ്ടി, ഷാജു കുമ്മങ്കോട്, എ.പി.ജയേഷ് എന്നിവർ സംസാരിച്ചു.