കൊച്ചി:രണ്ടുദിവസമായി കൊച്ചി നഗരത്തിലെ ജനജീവിതം ദുഷ്കരമാക്കിയ പുകയ്ക്ക് ശമനമായി.ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പൂര്‍ണ്ണമായും അണച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.പുക നിയന്ത്രണ വിധേയമായതായും 50 ശതമാനത്തിലധികം പുക കുറഞ്ഞിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു.വെള്ളിയാഴ്ച വൈകീട്ടോടെയാണ് ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത്.എന്നാല്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിപ്പടര്‍ന്നത് അണയ്ക്കാന്‍ മണിക്കൂറുകള്‍ കൊണ്ടും സാധിച്ചിരുന്നില്ല.തീ പിടുത്തത്തെ തുടര്‍ന്ന് രണ്ട് ദിവസം കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ,ഇരുമ്പനം മേഖലകളിലും പുക പടലം മൂടിയത് ജനജീവിതം ദുരിതത്തിലാക്കിയിരുന്നു.
പുകശല്യം രൂക്ഷമായതോടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.മാലിന്യം തള്ളാനുള്ള ഇടമായി നഗരസഭയെ മാറ്റാനാകില്ലെന്നും കളക്ടര്‍ നേരിട്ടെത്തി ചര്‍ച്ച നടത്താതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും പ്രതിഷേധക്കാര്‍ ഹറിയിച്ചു.തുടര്‍ന്ന് ജില്ലാ കളക്ടര്‍ പ്ലാന്റിലെത്തി പരിശോധന നടത്തി.
ജില്ലയില്‍ നിന്നുള്ളതിനു പുറമേ ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് രണ്ടു ദിവസമായി പുകഞ്ഞു കത്തിയ തീ പൂര്‍ണമായും അണച്ചത്.പത്ത് ഹൈ പ്രഷര്‍ പമ്പുകള്‍ കടമ്പ്രയാറില്‍ സ്ഥാപിച്ച് മാലിന്യ കൂമ്പാരത്തിലേക്ക് വെള്ളം പമ്പ് ചെയ്യുകയായിരുന്നു.രണ്ടു ദിവസമായി പ്ലാന്റില്നിന്നുമുയരുന്ന പുക ശ്വസിച്ച് പലര്‍ക്കും ശ്വാസതടസ്സവും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായി.സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന നഗരസഭയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.മൂന്ന് ദിവത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കും.