കൊച്ചി:ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതിയായ ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനേയും കോടതി വെറുതെ വിട്ടു.ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റേതാണ് വിധി.രശ്മി കൊലക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും പിഴയും രാജമ്മാളിന് സ്ത്രീധന പീഢനക്കേസില്‍ മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയുമായിരുന്നു വിധിച്ചത്.കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഈ വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരേയും വെറുതെ വിട്ടത്. പ്രതികള്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
2006 ഫെബ്രുവരി മൂന്നിന് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയിലാണ് രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രശ്മിയെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ച ശേഷം ബിജു അവിടെനിന്നു മുങ്ങുകയായിരുന്നു. രശ്മിക്കു മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ബിജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു.