ദില്ലി:വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം.പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ മൃതദേഹം ദില്ലി പാലം സൈനിക വിമാനത്താവളത്തില്‍ എത്തിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധി എന്നിവരും കേന്ദ്രമന്ത്രിമാരും ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
നേരത്തെ ബഡ്ഗാമിലെ സിആര്‍പിഎഫ് കേന്ദ്രത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ആദരാഞലി അര്‍പ്പിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണം തങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും ഇതിന് മാപ്പ് നല്‍കില്ലെന്നും സഹപ്രവര്‍ത്തകരെ യാത്രയാക്കി സിആര്‍പിഎഫ് ട്വിറ്ററില്‍ കുറിച്ചു.രക്തസാക്ഷികളുടെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്നും സിആര്‍പിഎഫ് അറിയിച്ചു.
ഭീകരാക്രമണത്തില്‍ മരിച്ച ലക്കിടി സ്വദേശി വസന്തകുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് ഔദ്യോഗിക സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാളെ സര്‍വകക്ഷിയോഗം വിളിച്ചു.ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച രാവിലെ 11 മണിക്ക് പാര്‍ലമെന്റ് ലൈബ്രറിയിലാണ് യോഗം.